മുംബൈ: ഓസ്‌കാര്‍ പുരസ്‌കാരം എആര്‍ റഹ്‌മാന് നേടിക്കൊടുത്ത ജയ് ഹോ ഗാനത്തിനെ കുറിച്ചുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു. ‘ജയ് ഹോ’ ഗാനവുമായി ബന്ധപ്പെട്ട് രാം ഗോപാല്‍ വര്‍മ്മയുടെ ആരോപണത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായകന്‍ സുഖ്വിന്ദര്‍ സിങ്.
‘ജയ് ഹോ’ എ ആര്‍ റഹ്‌മാനല്ല, മറിച്ച് ഗായകന്‍ സുഖ്വിന്ദര്‍ സിങ് ആണ് കംപോസ് ചെയ്തത് എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ആരോപണം. എന്നാല്‍ ഇത് തെറ്റാണ് എന്നും ആ ഗാനം എആര്‍ആറിന്റെ തന്നെയാണ് എന്നുമാണ് സുഖ്വിന്ദര്‍ സിങ് പറയുന്നു.
യുവരാജ് എന്ന ചിത്രത്തിന് വേണ്ടി ‘ജയ് ഹോ’ ഗാനം ചിട്ടപ്പെടുത്തിയത് എആര്‍ റഹ്‌മാന്‍ തന്നെയായിരുന്നു. അത് പാടുക മാത്രമാണ് താന്‍ ചെയ്തത്. ഈണത്തില്‍ പങ്കില്ല, രാം ഗോപാല്‍ വര്‍മ്മയ്ക്ക് ആരോ തെറ്റായ വിവരം നല്‍കിയതാകാമെന്നും സുഖ്വിന്ദര്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
ഗുല്‍സാര്‍ സാഹബ് ആണ് ജയ് ഹോ പാട്ടിന് വരികള്‍ കുറിച്ചത്. മുംബൈ ജുഹുവിലെ തന്റെ സ്റ്റുഡിയോയില്‍ വച്ചാണ് അതിന്റെ കമ്പോസിങ് നടത്തിയത്. തുടര്‍ന്ന് അദ്ദേഹമത് സംവിധായകന്‍ സുഭാഷ് ഘായ്ക്കു കേള്‍പ്പിച്ചുകൊടുത്തു. അതിനു ശേഷമാണ് താന്‍ ആലപിച്ചത്. സുഭാഷ്ജിക്ക് പാട്ട് ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ യുവരാജ് എന്ന സിനിമയുടെ കഥയുമായി ബന്ധമില്ലാത്തതു കൊണ്ട് പാട്ട് ഓഴിവാക്കുകയായിരുന്നു. അങ്ങനെയാണ് സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയ്ക്ക് വേണ്ടി ആ ഗാനം എടുക്കുന്നതെന്നും സുഖ്വിന്ദര്‍ വ്യക്തമാക്കി.
Discussion about this post