പാട്‌ന: ഡോക്ടറുടെ അസാന്നിധ്യത്തില്‍ ഗര്‍ഭ നിയന്ത്രണ ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവതിയ്ക്ക് ദാരുണാന്ത്യം. ബിഹാറിലെ പാറ്റ്‌നയിലുള്ള ഒരു സ്വകാര്യ ക്ലിനിക്കിലാണ് ദാരുണ സംഭവം. 28കാരിയായ ബബിത ദേവിയാണ് മരിച്ചത്.
ഡോക്ടര്‍ ഇല്ലാതിരുന്ന സമയത്ത് ജൂനിയര്‍ പോസ്റ്റിലുള്ള ജോലിക്കാരനാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. ശസ്ത്രക്രിയയ്ക്കായി യുവതിയെ എത്തിച്ചപ്പോള്‍ ഡോക്ടര്‍ ഇല്ലെന്ന കാര്യം ജോലിക്കാരില്‍ ഒരാള്‍ അറിയിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അപ്പോഴേക്കും കമ്പൗണ്ടറെത്തി ശസ്ത്രക്രിയ നടത്താന്‍ തുടങ്ങുകയായിരുന്നുവെന്നും അവര്‍ സ്ഥിരീകരിച്ചു.
ഏകദേശം 9 മണിയോടെ ക്ലിനിക്കില്‍ എത്തിച്ച യുവതിക്ക് സലൈന്‍ വാട്ടര്‍ നല്‍കിയെന്നും 11 മണിയോടെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചെന്നും യുവതിയുടെ ബന്ധു പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇറക്കിയ യുവതിയെ തിടുക്കത്തില്‍ ആംബുലന്‍സില്‍ കയറ്റി 10 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, ബന്ധുക്കളോട് ഒന്നും പറഞ്ഞില്ലെന്നും തൊട്ടു നോക്കിയപ്പോള്‍ ശരീരം തണുത്തിരിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. യുവതി അവിടെ വെച്ച് തന്നെ മരിച്ചിരുന്നെന്നും അത് പറയാതെയാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും കുടുംബം ആരോപിക്കുന്നു.
മരണം സ്ഥിരീകരിക്കപ്പെട്ടതോടെ യുവതിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കിനുമുന്നില്‍ സമരം നടത്തി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.