ഭുവനേശ്വര്‍: ഒഡീഷയിലെ മഹാനദിയില്‍ യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍പ്പെട്ട് ഏഴ് പേര്‍ മരിച്ചു.
50ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിയുകയായിരുന്നു. വെള്ളിയാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. തിരച്ചില്‍ തുടരുകയാണെന്നും ശനിയാഴ്ച രാവിലെ ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു. യാത്രാമധ്യേ, ബോട്ട് കലങ്ങിയ വെള്ളത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ശാരദാ ഘട്ടിന് സമീപം ബോട്ട് മറിയുകയായിരുന്നു.
ജാര്‍സുഗുഡ ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെ ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ODRAF) തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ കാര്‍ത്തികേയ ഗോയല്‍ പറഞ്ഞു. ഭുവനേശ്വറില്‍ നിന്ന് സ്‌കൂബാ ഡൈവര്‍മാര്‍ തിരച്ചിലിന് എത്തുമെന്നും അധികൃതര്‍ പറഞ്ഞു.
ALSO READ ‘ജയ് ഹോ’ ഏആര്‍ റഹ്‌മാന്റേത് അല്ല: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍ജിവി
മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. അതേസമയം, സാധുവായ ലൈസന്‍സില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയതെന്ന് ബിജെപി പ്രാദേശിക നേതാവ് സുരേഷ് പൂജാരി ആരോപിച്ചു.