മുംബൈ: എആര്‍ റഹ്‌മാനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ രംഗത്ത്. ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘സ്ലം ഡോഗ് മില്യണയറിലെ ‘ജയ് ഹോ’ എന്ന പാട്ട് എആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തിയതല്ലെന്ന് രാം ഗോപാല്‍ വര്‍മ ആരോപിക്കുന്നു. ഫിലിം കമ്പനി എന്ന യുട്യൂബ് ചാനലിനോടായിരുന്നു ആര്‍ജിവിയുടെ വെളിപ്പെടുത്തല്‍.
‘ജയ് ഹോ’ യഥാര്‍ത്ഥത്തില്‍ ഗായകന്‍ സുഖ്വിന്ദര്‍ സിങ് ആണ് ചിട്ടപ്പെടുത്തിയത്. 2008ല്‍ സുഭാഷ് ഘായ് സംവിധാനം ചെയ്ത ‘യുവരാജ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ‘ജയ് ഹോ’ ചിട്ടപ്പെടുത്തിയത്. സുഖ്വിന്ദര്‍ സിങ് ആണ് പാട്ടിനു പിന്നില്‍’. ഈ പാട്ട് ചിട്ടപ്പെടുത്തുമ്പോള്‍ റഹ്‌മാന്‍ ലണ്ടനിലായിരുന്നെന്നും രാം ഗോപാല്‍ വര്‍മ വെളിപ്പെടുത്തുന്നു.
സംവിധായകന്‍ തിരക്കുകൂട്ടിയപ്പോഴാണ് പാട്ട് ചെയ്യാന്‍ സുഖ്വിന്ദറിനെ ഏല്‍പ്പിച്ചത്. അങ്ങനെയാണ് ജയ് ഹോ ഉണ്ടായത്. എന്നാല്‍ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിര്‍മാതാവ് പറഞ്ഞതോടെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. തൊട്ടടുത്ത വര്‍ഷമിറങ്ങിയ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന് വേണ്ടി റഹ്‌മാന്‍ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ കോടികള്‍ പ്രതിഫലം വാങ്ങിയ റഹ്‌മാന്‍ നല്‍കിയത് സുഖ്വിന്ദര്‍ ചിട്ടപ്പെടുത്തിയ ഈണമാണെന്ന് അറിഞ്ഞപ്പോല്‍ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചെന്നും എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് റഹ്‌മാനോട് ചോദിച്ചിരുന്നെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.
ഇതിന് ‘സര്‍, നിങ്ങള്‍ എന്റെ പേരിനാണ് പണം നല്‍കുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാള്‍ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാന്‍ അംഗീകരിച്ചാല്‍ അത് എന്റെ പേരില്‍ തന്നെയാകും. എന്റെ ഡ്രൈവറിനു പോലും ചിലപ്പോള്‍ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും. അത് എന്റെ പേരില്‍ വന്നാല്‍ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും’ എന്നായിരുന്നു റഹ്‌മാന്റെ പ്രതികരണമെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.
2009ലാണ് ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്യണയര്‍’ പുറത്തിറങ്ങിയത്. എ.ആര്‍.റഹ്‌മാന്‍, സുഖ്വിന്ദര്‍ സിങ്, തന്‍വി, മഹാലക്ഷ്മി അയ്യര്‍, വിജയ് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ജയ് ഹോ ഗാനം ആലപിച്ചത്. പാട്ടൊരുക്കുന്ന വേളയില്‍ കോവിഡ് ലോക്ഡൗണിനു സമാനമായ സാഹചര്യമായിരുന്നുവെന്നും താന്‍ ലണ്ടനിലും ഗാനരചയിതാക്കളും ഗായകരും മറ്റു പല ഇടങ്ങളിലുമായിരുന്നുവെന്നും റഹ്‌മാന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
Discussion about this post