ന്യൂഡൽഹി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു. കിഴക്കൻ ഡൽഹിയിലെ ഷക്കർപുരിലാണ് സംഭവം. മഥുര സ്വദേശി കമലേഷ് ഹോൽക്കർ(30), സഹോദരൻ രാം പ്രതാപ് സിങ്(17) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കമലേഷിന്റെ ഭർത്താവ് ശ്രേയാൻഷ് കുമാറി(33)നെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ അധ്യാപികയായ യുവതിയെയും 17-കാരനായ സഹോദരനെയും ഷക്കർപുരിലെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്നും പത്തുമണിയോടെ വീട്ടിൽനിന്ന് കരച്ചിലും ബഹളവും കേട്ടതോടെ അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് രണ്ടുപേരെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
പോലീസെത്തിയപ്പോൾ കമലേഷിന്റെ ഭർത്താവ് ശ്രേയാൻഷ്കുമാറിനെ വീട്ടിൽനിന്ന് കാണാതായിരുന്നു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയും കുറ്റംസമ്മതിക്കുകയുമായിരുന്നു. ദാമ്പത്യപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നിഗമനം.
പ്രതി ശ്രേയാൻഷ്കുമാറും ഭാര്യ കമലേഷും 2021-ലാണ് വിവാഹിതരായത്. ദമ്പതിമാർക്ക് ഒരു കുഞ്ഞുമുണ്ട്. കുഞ്ഞിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായാണ് ഏപ്രിൽ 14-ന് കമലേഷിന്റെ സഹോദരൻ മഥുരയിൽനിന്ന് ഡൽഹിയിലെത്തിയത്. കൊല്ലപ്പെട്ട കമലേഷ് സാഹിബാബാദിലെ സ്കൂളിൽ അധ്യാപികയാണ്. ഭർത്താവ് ശ്രേയാൻഷ് വിദ്യാർഥികൾക്ക് ഓൺലൈൻ ട്യൂഷനെടുക്കുന്ന ജോലിയാണ് ചെയ്തിരുന്നത്.
വിവാഹശേഷം ശ്രേയാൻഷും ഭാര്യ കമലേഷും ഷക്കർപുരിലെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. വിവാഹത്തിന് പിന്നാലെ തന്നെ ശ്രേയാൻഷ് കമലേഷിനെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് വിവരം. തുടർച്ചയായ ഗാർഹികപീഡനവും ഉപദ്രവവും ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നു കമലേഷിന്റെ ബന്ധുക്കൾ പറഞ്ഞു.
വീട്ടിൽനിന്ന് പുറത്തുപോകാൻ ഉൾപ്പെടെ ശ്രേയാൻഷ് ഭാര്യയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മഥുരയിലെ കുടുംബാംഗങ്ങളെ കാണാൻപോകുന്നതിനും ഇയാൾ കമലേഷിനെ വിലക്കിയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. പലതവം ഗാർഹിക പീഡനം പോലീസിൽ റിപ്പോർട്ട് ച്യെയാൻ ആവശ്യപ്പെട്ടിട്ടും കമലേഷ് എല്ലാം സഹിക്കുകയായിരുന്നു എന്നും ബന്ധു പറഞ്ഞു.
Discussion about this post