ന്യൂഡല്‍ഹി: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം. 102 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ ആദ്യ വിധിയെഴുത്ത് നാളെയാണ്. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക. അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നാളെ നടക്കും. ഈ മണ്ഡലങ്ങളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം വിധിയെഴുതും.
ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ ഒന്ന് വരെയുള്ള 44 ദിവസങ്ങള്‍ നീളുന്ന ദൈര്‍ഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് നാളെ തുടക്കമാകുന്നത്. രാജ്യത്തെ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 19-ന് 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. എട്ട് കേന്ദ്ര മന്ത്രിമാര്‍ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഏറ്റവും കൂടുതല്‍ സീറ്റുകളിലേയ്ക്കും ഏറ്റവും അധികം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രില്‍ 19ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ്. 39 സീറ്റുകളുള്ള തമിഴ്നാട്ടിലും അഞ്ച് സീറ്റുള്ള ഉത്തരാഖണ്ഡിലും നാളെ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും.
പോളിംഗ് – സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടാതെ 127 നിരീക്ഷകര്‍, 67 പൊലീസ് നിരീക്ഷകരെയും ചെലവ് നിരീക്ഷിക്കാന്‍ 167 പേരെയുമാണ് നിയോഗിച്ചിരിക്കുന്നത്. നാന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്ന എന്‍ഡിഎ കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ആദ്യ ഘട്ടത്തെ നേരിടുന്നത്. രാജസ്ഥാനിലെ 12 സീറ്റുകളിലും പടിഞ്ഞാറന്‍ യുപിയിലെ 8 സീറ്റുകളിലും മാറിയ ജാതി സമവാക്യങ്ങളിലാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതീക്ഷ.
അരുണാചലിലും സിക്കിമിലും ഏപ്രില്‍ 19ന് നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. 60 സീറ്റുകള്‍ മാത്രമുള്ള ചെറു സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ തുടര്‍ഭരണം എളുപ്പമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മുഖ്യമന്ത്രി പേമ ഖണ്ടു അടക്കം പത്ത് സീറ്റുകളില്‍ എതിരില്ലാതെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഭരണം ഉറപ്പിക്കാന്‍ ബിജെപിക്ക് 21 സീറ്റുകള്‍ മതി. 32 സീറ്റുകളുള്ള സിക്കിമില്‍ ഭരണ കക്ഷിയായ സിക്കിം ക്രാന്തി കാരി മോര്‍ച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ട് സംസ്ഥാനങ്ങളിലും ജൂണ്‍ രണ്ടിനാണ് വോട്ടെണ്ണല്‍.
Discussion about this post