തെരഞ്ഞെടുപ്പില്‍ ഭരണം കോണ്‍ഗ്രസിനെന്ന് സര്‍വെ ഫലം; പിന്നാലെ രാഹുല്‍ ഗാന്ധിയുടെ റാലിക്ക് അനുമതി നിഷേധിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന സര്‍വെ ഫലം പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിക്ക് അനുമതി നിഷേധിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന സര്‍വെ ഫലം പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിക്ക് അനുമതി നിഷേധിച്ചു. രാജസ്ഥാനിലെ ഭരത്പൂരില്‍ നാളെ നടക്കാനിരിക്കുന്ന റാലിക്കാണ് ടോഡഭിം സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ജഗദിഷ് ആര്യ അനുമതി നിഷേധിച്ചത്. ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്.

റാലി നടത്താന്‍ നിശ്ചയിച്ച ഗ്രൗണ്ടിന്റെ ഉടമയുടെ എന്‍ഒസി ഹാജരാക്കിയാല്‍ മാത്രമേ റാലിക്ക് അനുമതി നല്‍കാനാവൂ എന്നാണ് അധികൃതരുടെ നിലപാട്. ധോല്‍പൂര്‍, ഭരത്പൂര്‍, ദൗസ ജില്ലകളിലായി നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി നിശ്ചയിച്ചിട്ടുള്ളത്.

ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യ പ്രദേശ്, ചത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങല്‍ നടക്കാനിരിക്കുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ് സര്‍വെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കപ്പെടുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ വിധിയാണ് ഉണ്ടാവുക എന്നാണ് അഭിപ്രായ സര്‍വെ ചൂണ്ടികാണിക്കുന്നത്.

Exit mobile version