40 മണിക്കൂർ നീണ്ട പരിശ്രമം പരാജയം; കുഴൽക്കിണറിൽ വീണ ആറുവയസുകാരന് ദാരുണമരണം; നാല് ലക്ഷം രൂപ സർക്കാർ ധനസഹായം

ഭോപ്പാൽ: മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ ആറുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം. 70 അടി താഴ്ചയുള്ള കുഴൽക്കിണറിൽ നിന്നനും 40 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും അനക്കമില്ലായിരുന്നു.

ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകൾ സംയുക്തമായാണ് രക്ഷാദൗത്യം നടത്തിയത്. 70 അടി താഴ്ചയുള്ള കിണറ്റിൽ 40 അടിയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. ഞായാറാഴ്ച രാത്രി എട്ട് മണിയോടെ കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തേക്കെത്തിക്കാനായെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതിരുന്നത് രക്ഷാപ്രവർത്തകർക്കും നാട്ടുകാർക്കും വലിയ നോവായി.

ഉത്തർപ്രദേശ് അതിർത്തിക്കടുത്തുള്ള ഗ്രാമത്തിൽ കളിച്ചുകൊണ്ടിരിക്കെയാണ് വെള്ളിയാഴ്ച മായങ്ക് കോൽ എന്ന കുട്ടി കുഴൽകിണറിൽ വീണത്. ഒപ്പമുണ്ടായിരുന്ന കുട്ടികൾ മയങ്കിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രക്ഷാപ്രവർത്തകരെത്തി നിരീക്ഷണത്തിനായി കിണറിനുള്ളിലേക്ക് ക്യാമറ കടത്തിവിട്ടെങ്കിലും കുട്ടിയ്ക്ക് അരികിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. അതേസമയം, മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതിനിടെ, മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി നാലു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.

ALSO READ- ജയില്‍ മോചിതനാവുന്ന അബ്ദു റഹീമിന് വീണ്ടും കാരുണ്യത്തിന്റെ കരുതല്‍; ലുലു ഗ്രൂപ്പ് വീടൊരുക്കും, ബോബി ചെമ്മണ്ണൂര്‍ ജോലിയും നല്‍കും

മധ്യപ്രദേശിൽ കുഴൽക്കിണറിൽ കുട്ടികൾ വീഴുന്ന സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. 2023 മാർച്ചിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ എട്ട് വയസ്സുകാരനെ 24 മണിക്കൂറിൽ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സമാനമായി കഴിഞ്ഞ മാർച്ചിൽ കുഴൽക്കിണറിലേക്ക് വീണ നാലു വയസ്സുകാരിയും മരണപ്പെട്ടിരുന്നു. ഏപ്രിൽ നാലിന് കർണാടകയിലെ വിജയപുരയിലെ ലച്ചായൻ ഗ്രാമത്തിൽ കുഴൽ കിണറിൽ വീണ രണ്ടുവയസുകാരനെ 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തിനുശേഷം രക്ഷപ്പെടുത്തിയിരുന്നു.

Exit mobile version