ഹൈദരാബാദ്: ബാലവിവാഹത്തിൽ നിന്നും രക്ഷനേടിയ പെൺകുട്ടി ആന്ധ്രാ സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. നിശ്ചയദാർഢ്യത്തിന്റെ മറുവാക്കാണ് നിർമ്മല എന്ന ഈ പെൺകുട്ടി. ബാലവിവാഹത്തിൽ നിന്നും രക്ഷപ്പെട്ട് വന്ന നിർമല ആന്ധ്രയിലെ ഇന്റർമീഡിയറ്റ് പരീക്ഷയിൽ സംസ്ഥാനത്തെ തന്നെ ഒന്നാം സ്ഥാനക്കാരിയായി മാറിയിരിക്കുകയാണ്. 440ൽ 421 മാർക്കാണ് നിർമല കരസ്ഥമാക്കിയത്.
ദാരിദ്ര്യവും കഷ്ടപ്പാടും കാരണം മകളെ ഇനി പഠിപ്പിക്കേണ്ടതില്ലെന്ന് മാതാപിതാക്കൾ തീരുമാനിച്ചതോടെയാണ് നിർമലയുടെ ജീവിത്തിൽ പ്രതിസന്ധി ആരംഭിച്ചത്. സമീപത്ത് നല്ല കോളേജുകളോ സൗകര്യങ്ങളോ ഇല്ലെന്ന് പറഞ്ഞാണ് മാതാപിതാക്കൾ നിർമ്മലയെയും സഹോദരങ്ങളേയും വിവാഹം കഴിപ്പിച്ചയക്കാൻ തീരുമാനിച്ചത്.
ചെറിയ ബാലികയായ നിർമ്മലയ്ക്ക് വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. പഠിക്കണമെന്ന നിശ്ചയദാർഢ്യം മനസിലുറപ്പിച്ച നിർമ്മല അതിനായി പരിശ്രമിക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഒടുവിൽ എംഎൽഎ വൈ ശിവപ്രസാദ് റെഡ്ഡി നടത്തുന്ന പൊതുപരിപാടിയിൽ എത്തുകയും എംഎൽഎയെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് ശിവപ്രസാദ് റെഡ്ഡി കലക്ടറെ ബന്ധപ്പെടുകയും നിർമലയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകാൻ നിർദേശിക്കുകയും ചെയ്തു.
ഇതോടെ കളക്ടർ ഇടപെട്ട് നിർമലയെ കസ്തുർബ ഗാന്ധി ബാലിക വിദ്യാലയത്തിലേക്ക് മാറ്റി. കുർണൂലിലെ കസ്തുർബ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് നിർമല പിന്നീട് പഠിച്ചത്. സാമ്പത്തികവും സാമുഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന റെസിഡൻഷ്യൽ സ്‌കൂളാണിത്.നിർമലയുടെ നേട്ടം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കിട്ടുണ്ട്.
Congratulations to Ms. G. Nirmala from Kasturba Gandhi Balika Vidyalaya (KGBV), Kurnool, a residential girls’ school run by the Ministry of Education for the disadvantaged sections in India, for securing the top spot in the 1st Year Intermediate exam of Andhra Pradesh… pic.twitter.com/OVqEX0frQL
— Ministry of Education (@EduMinOfIndia) April 13, 2024
Discussion about this post