ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. മുസാഫിര്‍ ഹുസൈന്‍, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സ്ഫോടനം നടന്ന് 40-ദിവസത്തിന് ശേഷമാണ് പ്രതികള്‍ അറസ്റ്റിലായത്. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.
കേസിലെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ മതീന്‍ താഹയാണെന്നാണ് വിവരം. മുസാഫിര്‍ ഹുസൈന്‍ ഷാസിബാണ് ബോംബ് രാമേശ്വരം കഫേയില്‍ കൊണ്ട് വെക്കുന്നതും സ്‌ഫോടനം നടത്തുന്നതും. പ്രതികളെ സഹായിച്ച ഒരാളെ നേരത്തേ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഷെരീഫാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള പോലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാന്‍ കേരള, കര്‍ണാടക പോലീസ് സംഘങ്ങളുടെ സജീവ സഹകരണം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കി.
Discussion about this post