ചണ്ഡീഗഢ്: ഹരിയാണയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് ആറ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ നടപടിയെടുത്ത് പോലീസ്. ഉത്തരേന്ത്യയിൽ ഈദ് ആഘോഷത്തിന്റെ ഭാഗമായ അവധി ദിനമായിരുന്ന വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ 20 വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്കൂളിന് വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സ്വകാര്യ സ്കൂളിന്റെ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈദുൽ-ഫിദ്ർ ദിനത്തിൽ തുറന്നു പ്രവർത്തിച്ചതിൽ സ്കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഹരിയാണ വിദ്യാഭ്യാസമന്ത്രി സീമ ത്രിഖ അറിയിച്ചു.
ഈദ് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയാണെന്നും അപകടത്തിൽപ്പെട്ട വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും മന്ത്രി പറഞ്ഞു. വാഹനങ്ങളുടെ ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തുന്നപക്ഷം സ്കൂളുകൾക്കായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി അറിയിച്ചു. അപകടത്തേക്കുറിച്ച് ഒരു ഉന്നതതല സമിതി അന്വേഷണം നടത്തുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി അസീം ഗോയൽ പറഞ്ഞു.
മഹേന്ദ്ഗഢിൽ വെച്ച് ജിഎൽ പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വീടുകളിൽനിന്ന് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ അപകടം സംഭവിച്ചത്. ബസ് കീഴ്മേൽ മറിഞ്ഞതോടെ അപകടത്തിന്റെ ഗൗരവം വർധിക്കുകയായിരുന്നു.
തികച്ചും ദൗർഭാഗ്യകരമായ വാർത്തയാണിതെന്നും വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി തനിക്ക് വിവരം ലഭിച്ചതായും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ പ്രതികരിച്ചു. ഈദ് ദിനത്തിൽ കുട്ടികൾ എന്തിനാണ് സ്കൂളിൽ പോയതെന്ന് തനിക്ക് വ്യക്തമാകുന്നില്ലെന്നും അതിനേക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post