ബംഗളൂരു: നരേന്ദ്ര മോഡി മൂന്നാം തവണയും പ്രധാനമന്ത്രിയാകാന്‍ നേര്‍ച്ചയായി കാളി ദേവിയ്ക്ക് തന്റെ ഇടത് ചൂണ്ടുവിരല്‍ അറുത്ത് സമര്‍പ്പിച്ച് യുവാവ്. മോഡിയുടെ കടുത്ത ആരാധകനായ അരുണ്‍ വര്‍ണ്ണേക്കര്‍ ആണ് മോഡി ഭക്തിയില്‍ വിരലറുത്ത് നല്‍കിയത്.
കാര്‍വാര്‍ നഗരത്തിലെ വീട്ടില്‍ മോഡിക്കായി ഒരു ആരാധനാലയവും നിര്‍മ്മിച്ചിട്ടുണ്ട്. പതിവായി ഇയാളിവിടെ പ്രത്യേക പ്രാര്‍ത്ഥനകളും നടത്താറുണ്ട്. വിരല്‍ മുറിച്ച ശേഷം അരുണ്‍ തന്റെ രക്തം ഉപയോഗിച്ച് വീടിന്റെ ചുമരുകളില്‍ ‘കാളീ ദേവീ മോഡിയെ രക്ഷിക്കൂ’ എന്നും കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരമേറ്റ ശേഷം അയല്‍രാജ്യങ്ങളുമായുള്ള അസ്വാരസ്യം കുറഞ്ഞുവെന്ന് അരുണ്‍ വര്‍ണ്ണേക്കര്‍ പറഞ്ഞു. കശ്മീര്‍ മേഖലയില്‍ സമാധാനം കൊണ്ടുവന്നതിന് പ്രധാനമന്ത്രി മോഡിയെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ പുരോഗതി മോഡിയുടെ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും കശ്മീര്‍ ഇപ്പോള്‍ ശാന്തമാണെന്നുമാണ് അരുണ്‍ പറയുന്നത്. രാജ്യത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രാര്‍ഥനയ്ക്കായി രക്തമെടുക്കാന്‍ വേണ്ടി അരുണ്‍ കത്തികൊണ്ട് മുറിവുണ്ടാക്കിയപ്പോള്‍ ആവേശംകൊണ്ട് വിരല്‍ മുറിയുകയായിരുന്നു എന്നും പ്രചാരണമുണ്ട്. തൂങ്ങിയ വിരലുമായി അരുണിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാനാകില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് മുറിഞ്ഞുതൂങ്ങിയ വിരലിന്റെ ഭാഗം മുറിച്ചുനീക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post