ന്യൂഡൽഹി: താൻ ബീഫ് കഴിക്കുമെന്ന സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളെ തള്ളി നടിയും ഹിമാചലിലെ ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണൗട്ട്. ഹിന്ദുവെന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും കങ്കണ എക്സിലൂടെ പ്രതികരിച്ചു.
‘ഞാൻ ബീഫോ മറ്റേതെങ്കിലും ചുവന്ന മാംസമോ കഴിക്കാറില്ല. എന്നെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിക്കുന്നത് ലജ്ജാകരമാണ്, ദശാബ്ദങ്ങളായി ഞാൻ യോഗ, ആയുർവേദ ജീവിതരീതികളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം തന്ത്രങ്ങളിലൂടെ എന്റെ പ്രതിച്ഛായ തകർക്കാനാകില്ല. എന്റെ ആളുകൾക്ക് എന്നെ അറിയാം, ഞാൻ അഭിമാനമുള്ള ഒരു ഹിന്ദുവാണ്. ആരേയും തെറ്റിദ്ധരിപ്പിക്കാനാകില്ല’,-കങ്കണ എക്സിലൂടെ പ്രതികരിച്ചു.
കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വാദിത്തിവാരാണ് കങ്കണ ബീഫ് കഴിക്കുമെന്ന് പറഞ്ഞതോടെയാണ് വിഷയം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയായത്. കങ്കണയുടെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കിയായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രസ്താവന. കങ്കണ എക്സിൽ താൻ ബീഫ് കഴിക്കുമെന്നും തനിക്ക് ബീഫ് ഇഷ്ടമാണെന്നും എഴുത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു.
ബീഫ് കഴിക്കുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി കങ്കണ 2019-ൽ ട്വീറ്റ് ചെയ്ത കുറിപ്പും ഇതോടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാർഥിയായി ഹിമാചലിലെ മാണ്ഡി മണ്ഡലത്തിൽ നിന്നുമാണ് കങ്കണ ജനവിധി തേടുന്നത്.
Discussion about this post