ക്ഷേത്രാത്സവത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് 120 അടി ഉയരമുള്ള രഥം മറിഞ്ഞുവീണു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗളൂരു: ഉത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം മറിഞ്ഞുവീണ് അപകടം. ബംഗളൂരുവിലെ അനേക്കലിലെ ഹുസ്‌കൂര്‍ മദ്ദൂരമ്മ ക്ഷേത്രോത്സവത്തിന് ഇടയിലാണ് സംഭവം. ഉത്സവത്തിന് എഴുന്നള്ളിച്ച കൂറ്റന്‍ രഥം ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കാളകളാണ് രഥം കെട്ടി വലിക്കുന്നത്. ആളുകള്‍ ഓടിമാറിയതിനാല്‍ ആളപായം ഒഴിവായി.

പത്തിലധികം ഗ്രാമങ്ങളില്‍ നിന്നും വന്ന ആയിരക്കണക്കിന് പേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്. തൊട്ടടുത്ത് ഇലക്ട്രിക് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും തട്ടാതെ മറുവശത്തേക്ക് വീണത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ട്രാക്ടറുകളുടെയും കാളവണ്ടികളുടെയും സഹായത്തോടെ രഥം വീണിടത്ത് നിന്നും പിന്നീട് ഉയര്‍ത്തി.

പ്രശസ്തമായ വാര്‍ഷിക രഥോത്സവമാണ് ഹുസ്‌കൂര്‍ മദ്ദൂരമ്മ ക്ഷേത്രോത്സവം. രഥങ്ങളാണ് ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം. മുമ്പൊക്കെ നൂറിലധികം രഥങ്ങള്‍ ഉത്സവത്തിനെത്തിയിരുന്നു. എന്നാല്‍ അടുത്തിടെയായി 10 മുതല്‍ 15 വരെയായി എണ്ണം കുറഞ്ഞിരുന്നു.

Exit mobile version