ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലായിടത്തും വാഹന പരിശോധന തകൃതിയായി നടക്കുകയാണ്. നടി മഞ്ജു വാര്യരുടെ കാര്‍ തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പരിശോധിക്കുന്നതിനിടെ താരത്തിനൊപ്പം ഫോട്ടോ പകര്‍ത്തി ജനം.
തമിഴ്‌നാട്ടിലെ പതിവ് തെരഞ്ഞെടുപ്പ് പരിശോധനകളുടെ ഭാഗമായാണ് മഞ്ജുവിന്റെ കാറും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത്തരത്തിലുള്ള വാഹന പരിശോധന സ്വാഭാവികമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കില്‍ പ്രത്യേകമായി പരിശോധിക്കാറുമുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് മഞ്ജുവിന്റെ കാറും പരിശോധിച്ചത്.
തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ ബൈപാസില്‍ വച്ചാണ് മഞ്ജു വാര്യരുടെ വാഹനം പരിശോധിച്ചത്. പരിശോധിച്ച ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് സംഘം മഞ്ജുവിനെ വിട്ടയക്കുകയും ചെയ്തു.
മഞ്ജുവും മാനേജറുമായിരുന്നു ഉണ്ടായിരുന്നത്. മഞ്ജുവാണ് വാഹനമോടിച്ചിരുന്നത്. നിര്‍ത്തിയ കാറില്‍ മഞ്ജുവാണെന്ന് കണ്ടതോടെ അവിടെ നിര്‍ത്തിയിരുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെല്ലാം സെല്‍ഫിയെടുക്കാന്‍ എത്തി. മഞ്ജു വാഹനത്തിനകത്തിരുന്ന് തന്നെ ചിത്രങ്ങളെടുക്കാനും സഹകരിക്കുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ വ്യാപകമായി ഹൈവേകളെയും ബൈപാസുകളെയും കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് കാലത്ത് പരിശോധന നടക്കുന്നുണ്ട്. അനധികൃത പണം കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പിടിക്കുന്നതിനാണ് ഈ പരിശോധനകള്‍. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേത് അടക്കമുള്ള വാഹനങ്ങള്‍ ഇത്തരത്തില്‍ പരിശോധിച്ചിരുന്നു.