ജയ്പൂര്‍: രാജസ്ഥാനില്‍ വ്യാപാര മേളയില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ച് സെക്യൂരിറ്റി ചുമതയുള്ള ബൗണ്‍സര്‍. ആക്രമണത്തില്‍ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ശ്രീ ഗംഗാനഗറില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വ്യാപാര മേളയില്‍ പങ്കെടുക്കാനെത്തിയ ഗുല്‍ഷന്‍ വാധ്വ എന്ന വ്യാപാരിക്ക് നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ വ്യാപാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീ ഗംഗാനഗറില്‍ നടക്കുന്ന വ്യാപാര മേളയില്‍ ഗുല്‍ഷന്‍ വാധ്വ ഒരു സ്റ്റാള്‍ ഇട്ടിരുന്നു. ഇവിടേക്ക് കുടുംബ സമേതം എത്തിയതായിരുന്നു വ്യാപാരി. എന്നാല്‍ പ്രവേശന കവാടത്തില്‍ വെച്ച് ബൗണ്‍സര്‍മാര്‍ ഇയാളെ തടഞ്ഞു. എക്‌സപോയില്‍ പങ്കെടുക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 20 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്.
എന്നാല്‍ താന്‍ സന്ദര്‍ശകനല്ലെന്നും വ്യാപാരിയാണെന്നും ടിക്കറ്റ് എടുക്കേണ്ടതില്ലെന്നും ഇയാള്‍ ബൗണ്‍സര്‍മാരോട് പറഞ്ഞു. എന്നാല്‍ അവര്‍ അത് വിശ്വക്കാന്‍ തയ്യാറായില്ല. തുടര്‍ന്നുള്ള തര്‍ക്കത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൈവശമുണ്ടായിരുന്ന ഇരുമ്പ് കമ്പികൊണ്ട് യുവാവിനെ മര്‍ദ്ദിക്കുകയായി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുല്‍ഷന്‍ വാധ്വയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
പരിശോധനയില്‍ കണ്ണിന് പരിക്കുള്ളതിനാല്‍ യുവാവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നാല് ദിവസമായി യുവാവ് ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം സംഭവത്തില്‍ കേസെടുത്തതായും ബൗണ്‍സറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.