സ്ത്രീധനമായി 11 ലക്ഷവും എസ്‌യുവി കാറും; ചോദിച്ചത് ഫോർച്യൂണർ കാറും 21 ലക്ഷവും; പെൺകുഞ്ഞ് പിറന്നതോടെ പീഡനം ഇരട്ടിയായി; കരിഷ്മയുടെ മരണത്തിന് പിന്നിൽ

ന്യൂഡൽഹി: യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും മർദിച്ച് കൊലപ്പെടുത്തിയതായി സഹോദരന്റെ പരാതി. ഗ്രേറ്റർ നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയുടെ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വിവാഹസമയത്ത് ആഡംബരവാഹനമായ ഫോർച്യൂണർ കാറും 21 ലക്ഷം രൂപയും വികാസിന്റെ വീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഇത് യുവതിയുടെ വീട്ടുകാർക്ക് കൊടുക്കാൻ സാധിച്ചിരുന്നില്ല. ഇതിന്റെ പേരിൽ നിരന്തരം ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചിരുന്ന കരിഷ്മയെ കൊലപ്പെടുത്തിയെന്നാണ് പോലീസിൽ നൽകിയിരിക്കുന്ന പരാതി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിഷ്മയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവദിവസം കരിഷ്മ സഹോദരൻ ദീപക്കിനെ ഫോണിൽവിളിച്ചിരുന്നു. ഭർത്താവും ഭർതൃവീട്ടുകാരും തന്നെ മർദിച്ചെന്ന് പറഞ്ഞായിരുന്നു കരിഷ്മ വിളിച്ചത്. തുടർന്ന് ബന്ധുക്കൾ ഇവരുടെ വീട്ടിലെത്തിയപ്പോൾ കരിഷ്മയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

2022 ഡിസംബറിൽ ഗ്രേറ്റർ നോയിഡ സ്വദേശിയായ വികാസും കരിഷ്മയും വിവാഹിതരായപ്പോൾ 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‌യുവി കാറും യുവതിയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ, ഇതുപോരെന്നും കൂടുതൽ സ്ത്രീധനം വേണമെന്നുമായിരുന്നു ഭർതൃവീട്ടുകാരുടെ ആവശ്യം.

ALSO READ- ‘മൊബൈൽ തൊടാൻ സമ്മതിക്കുന്നില്ല’; കുഴഞ്ഞുവീണെന്ന് പറഞ്ഞ് 17കാരിയെ ആശുപത്രിയിലെത്തിച്ച് ഭർത്താവിന്റെ നാടകംകളി; കഴുത്തിലെ പാട് തെളിവായി; അറസ്റ്റ്

തുടർന്ന് വിവാഹശേഷം യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്ന് സഹോദരൻ ആരോപിച്ചു. കരിഷ്മ പിന്നീട് പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഉപദ്രവം രൂക്ഷമായി. നാട്ടുപഞ്ചായത്ത് ചേർന്ന് പലതവണ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ 10 ലക്ഷം രൂപ കൂടി യുവതിയുടെ കുടുംബം വികാസിന്റെ കുടുംബത്തിന് നൽകിയിരുന്നു.


എന്നാൽ, ഇതുകൊണ്ടും ഉപദ്രവം അവസാനിച്ചില്ലെന്നാണ് സഹോദരൻ പറയുന്നത്. ഫോർച്യൂണർ കാറും 21 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു വികാസിന്റെയും കുടുംബത്തിന്റെയും ആവശ്യം. ഇതിന്റെപേരിൽ യുവതിയെ നിരന്തരം മർദ്ദനത്തിനിരയാക്കുകയായിരുന്നു.

യുവതിയുടെ മരണത്തിൽ ഭർത്താവ് വികാസ്, ഇയാളുടെ മാതാപിതാക്കളായ സോംപാൽ ഭാട്ടി, രാകേഷ്, സഹോദരങ്ങളായ റിങ്കി, സുനിൽ, അനിൽ എന്നിവർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ വികാസിനെയും ഇയാളുടെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version