ബംഗളൂരു: കർണാടകയിലെ രാമനഗരയിൽ കുഴഞ്ഞുവീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച 17കാരി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കൊലക്കുറ്റം ചുമത്തി സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് അബോധാവസ്ഥയിലാക്കിയതും പിന്നീട് ആശുപത്രിയിലെത്തിച്ചതും ഇയാളെന്ന് തെളിഞ്ഞു.
മാർച്ച് 27-നാണ് പെൺകുട്ടിയെ ഭർത്താവ് അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്.കുഴഞ്ഞുവീണതാണെന്ന് പറഞ്ഞ് ഡോക്ടർമാരെയും പോലീസിനെയും ഭർത്താവ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. എന്നാൽ 17-കാരിയുടെ കഴുത്തിൽ കണ്ട പാടുകൾ സംശയം വർധിപ്പിക്കുകയും ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയുമായികുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലും മൃതദേഹപരിശോധനയിലും സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.
അതേസമയം, ഭർത്താവിന്റെ സംശയരോഗമാണ് പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൃത്യം നടത്തിയതെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പെൺകുട്ടി സ്ഥിരമായി മൊബൈൽഫോണിൽ ഒരാളുമായി സംസാരിക്കാറുണ്ടെന്നും മൊബൈൽഫോൺ തൊടാൻപോലും തന്നെ സമ്മതിക്കാറില്ലെന്നും ഇതുസംശയത്തിനിടയാക്കിയെന്നുമാണ് ഇയാൾ മൊഴി നൽകിയത്.
ALSO READ- ദിവസം രണ്ട് ലക്ഷം, 40 ലക്ഷം ചിലവാക്കി കഴിഞ്ഞു: നടി അരുന്ധതിയുടെ ജീവന് രക്ഷിയ്ക്കാന് വീണ്ടും സഹായം തേടി കുടുംബം
പോലീസ് കൊലപാതകത്തിന് പുറമെ ബലാത്സംഗത്തിനും ശൈശവവിവാഹ നിരോധന നിയമപ്രകാരവും പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ
അകന്നബന്ധു കൂടിയായ പ്രതി മൂന്നുവർഷം മുമ്പാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തത്.
ബന്ധുക്കളുടെ നിർബന്ധപ്രകാരമായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ ഇവരുടെ വിവാഹം നടത്തികൊടുത്തത്. ഈ സംഭവത്തിൽ യുവാവിനെതിരേ പോലീസിൽ പരാതിയും നൽകിയിരുന്നില്ല. ദമ്പതിമാർക്ക് ഒന്നരവയസ്സുള്ള മകളുമുണ്ട്.
Discussion about this post