ലക്നൗ: അതിരൂക്ഷ വേനല്‍ക്കാലമാണ് കടന്നുപോകുന്നത്. മനുഷ്യരെല്ലാം ചൂടില്‍ നിന്ന് ആശ്വാസം കിട്ടാന്‍ കോട്ടണ്‍ വസ്ത്രങ്ങളെയാണ് ആശ്രയിക്കുന്നത്. അതേസമയം, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ച രാം ലല്ലയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ശ്രീറാം ട്രസ്റ്റാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വേനല്‍ക്കാലത്തിന്റെ വരവോടെയും താപനില കൂടുന്നതിനനുസരിച്ചും ശ്രീ രാം ലല്ല സുഖപ്രദമായ കോട്ടണ്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ശനിയാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.
ഉയരുന്ന താപനില കാരണം, ചൂടിന്റെ ആഘാതം കുറയ്ക്കുന്നതിന് രാം ലല്ലയെ കോട്ടണ്‍ വസ്ത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം രാം ലല്ലയെ ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു. ശ്രീകോവിലില്‍ ഇതുവരെ ഫാനോ എയര്‍കണ്ടീഷണറോ ഇല്ല.
ഗര്ഭഗൃഹത്തിനുള്ളില് എയര്‍ കണ്ടീഷനറുകള്‍ സ്ഥാപിക്കണം- രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് ആചാര്യ സത്യേന്ദ്ര ദാസ് എഎന്‍ഐയോട് പറഞ്ഞു. പ്രകൃതിദത്ത വര്‍ണ്ണങ്ങള്‍ ചാലിച്ച്, കസവ് കൊണ്ട് അലങ്കരിച്ചാണ് വസ്ത്രങ്ങള്‍ തയ്യാറാക്കിയത്. കുറച്ച് ദിവസങ്ങളായി രാംലല്ല കോട്ടണ്‍ വസ്ത്രമാണ് ധരിക്കുന്നതെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
അതേസമയം, രാമനവമി, സീതാ നവമി, ഹനുമാന് ജയന്തി എന്നിവയെല്ലാം ഇത്തവണ ഗംഭീരമായി ആഘോഷിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. രാമനവമി വേളയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരെ ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ മതിയായ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post