ന്യൂഡല്‍ഹി: ആഡംബര കാറും 21 ലക്ഷം രൂപയും സ്ത്രീധനം ലഭിക്കാത്തതിന് ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നതായി പോലീസ്. കരിഷ്മ എന്ന യുവതിയെയാണ് ഭര്‍ത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വികാസ്, പിതാവ് സോംപാല്‍ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനില്‍, അനില്‍ എന്നിവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. സ്ത്രീധനനിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
2022 ഡിസംബറിലാണ് കരിഷ്മയും വികാസും വിവാഹിതരായത്. വിവാഹ സമയത്ത് നല്കിയതിലധികം സ്ത്രീധനം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കരിഷ്മയുടെ സഹോദരന് ദീപക് പറഞ്ഞു. വിവാഹസമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വര്‍ണവും ഒരു എസ്യുവിയും നല്‍കിയിരുന്നു. അതിന് പുറമെയാണ് ടൊയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയും ആവശ്യപ്പെട്ടതെന്ന് ദീപക് പറഞ്ഞു.
വികാസിനും കരിഷ്മയ്ക്കും ഒരു പെണ്‍കുഞ്ഞുണ്ട്. കുഞ്ഞുണ്ടായ ശേഷം പീഡനം കൂടുതല്‍ വഷളാവുകയായിരുന്നു. പല തവണ രണ്ട് കുടുംബങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ നല്‍കിയെങ്കിലും പീഡനം അവസാനിച്ചില്ലെന്ന് ദീപക് ആരോപിച്ചു. വികാസും പിതാവും അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
Discussion about this post