ന്യൂഡൽഹി: എൻസിപി അജിത് പവാർ പക്ഷത്തിലെ നേതാവ് പ്രഫുൽ പട്ടേൽ എൻഡിഎ പക്ഷത്ത് ചേർന്നതിന് പിന്നാലെ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. പ്രഫുൽ പട്ടേൽ വ്യോമയാന മന്ത്രിയായിരിക്കെ നടന്ന എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ് ലയനവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐയുടെ ക്ലീൻചിറ്റ്.
എൻഡിഎ പക്ഷത്തെത്തി എട്ട് മാസത്തിനിപ്പുറമാണ് സിബിഐയുടെ നടപടി. എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ് ലയനത്തിന് ശേഷം നാഷണൽ ഏവിയേഷൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിമാനങ്ങൾ പാട്ടത്തിന് നൽകിയതിൽ നിന്നും സ്വകാര്യ കമ്പനി ലാഭം കൊയ്‌തെന്നും സർക്കാരിന് കനത്ത നഷ്ടമുണ്ടായെന്നുമായിരുന്നു കേസ്. എന്നാൽ ഈ ആരോപണത്തിന് തെളിവില്ലെന്ന് സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ പറയുന്നു.
യുപിഎ സർക്കാർ കേന്ദ്രം ഭരിക്കുമ്പോഴാണ് വിമാനങ്ങൾ പാട്ടത്തിന് നൽകിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം 2017-ലാണ് കേസ് സിബിഐ അന്വേഷിക്കാൻ ആരംഭിച്ചത്. 2023 ജൂലൈ രണ്ടിനാണ് എൻസിപിയെ പിളർത്തിക്കൊണ്ട് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിലേക്ക് പോയത്.
ഇതിന് പിന്നാലെ ഈ മാസം ആദ്യം അജിത് പവാറിനെതിരായ 25,000 കോടി രൂപയുടെ സഹകരണ ബാങ്ക് വായ്പ്പ തട്ടിപ്പ് കേസ് അവസാനിപ്പിക്കാൻ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിചാരണക്കോടതിയെ സമീപിച്ചിരുന്നു. തെളിവില്ല എന്നുപറഞ്ഞാണ് ഈ കേസിലും ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത്. നേരത്തേ അജിത് പവാറിനെതിരായ 70,000 കോടി രൂപയുടെ ഇറിഗേഷൻ അഴിമതി കേസ് അഴിമതി വിരുദ്ധ വിഭാഗം അവസാനിപ്പിച്ചിരുന്നു.
Discussion about this post