മീററ്റ്: യുപിയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്ന് തീപടര്‍ന്ന് നാല് കുട്ടികള്‍ മരിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ നാല് കുട്ടികള്‍ വെന്തുമരിക്കുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാപിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.
അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചത്. സരിക (12), നിഹാരിക (8), ഗോലു (6), ഖാലു (5) എന്നിവരാണ് മരിച്ച കുട്ടികള്‍. അപകടം നടക്കുന്ന സമയത്ത് കുട്ടികള്‍ മുറിക്കുള്ളില്‍ ഉറങ്ങുകയായിരുന്നു. കുത്തിയിട്ട ചാര്‍ജറില്‍ ചെറിയ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി, പിന്നാലെ ചാര്‍ജറിന് തീപിടിച്ചു. കുട്ടികള്‍ കിടന്നിരുന്ന കിടക്കയിലേക്ക് തീ പടര്‍ന്ന് പിടിച്ചതാണ് നാല് ജീവന്‍ പൊലിഞ്ഞത്.
തീപിടിത്തമുണ്ടായ സമയത്ത് രക്ഷിതാക്കള്‍ അടുക്കളയിലായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് മുറിയിലേക്ക് ഓടിവന്നപ്പോഴാണ് ഇവര്‍ തീപിടിത്തം കണ്ടത്. അപ്പോഴേക്കും കുട്ടികളുടെ ശരീരത്തില്‍ തീപിടിച്ചിരുന്നു. ഓടിയെത്തിയ രക്ഷിതാക്കള്‍ കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.
പ്രദേശവാസികള്‍ ഓടിയെത്തിയാണ് കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പുതന്നെ രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. രണ്ടു കുട്ടികള്‍ കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്. 60 ശതമാനത്തിലേറെ പൊള്ളലുള്ളതിനാല്‍ കുട്ടികളുടെ മാതാവ് ബബിതയെ (35) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മീററ്റിലെ ആശുപത്രിയിലുള്ള പിതാവ് ജോണിയുടെ (39) ആരോഗ്യനിലയും ഗുരുതരമാണ്.
Discussion about this post