ജയ്പുര്‍: പ്രസവത്തിനിടെ ശിശുവിനോട് നഴ്സിന്റെ അതിക്രൂരത. പ്രസവസമയത്ത് കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞു. ശരീരത്തിന്റെ ഒരു ഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങി.
ജയ്സാല്‍മേറിലെ റാംഗഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണു മനസ്സാക്ഷി മരവിപ്പിക്കുന്ന ദുരന്തമുണ്ടായത്. ആശുപത്രിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്തെത്തി.
ദിക്ഷ കന്‍വാറെന്ന യുവതിക്കാണു ദുരനുഭവമുണ്ടായത്. പ്രസവത്തിനുശേഷം ദിക്ഷയെ ജോധ്പൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇവിടെയെത്തിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് കുടുങ്ങിയ വിവരം വീട്ടുകാര്‍ അറിയുന്നത്.
ഇത്രയും ഗുരുതരമായ പിഴവ് സംഭവിച്ച വിവരം ആശുപത്രിയിലെ ഡോക്ടര്‍മാരോ നഴ്സുമാരോ ദീക്ഷയെയോ ഭര്‍ത്താവിനെയോ അറിയിച്ചിരുന്നില്ല. പകരം പുറത്തു വന്ന കുട്ടിയുടെ ശരീരഭാഗം ഒളിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്.
പ്രസവം നടന്നെന്നും മറുപിള്ള ഗര്‍ഭപാത്രത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ പിതാവ് തിലോക് ഭാട്ടി ആരോപിക്കുന്നു.
റഫര്‍ ചെയ്തതനുസരിച്ച് ഉമൈദ് ആശുപത്രിയിലെത്തിയപ്പോഴാണ് യഥാര്‍ഥ സംഭവം ഇവരറിയുന്നത്.
തുടര്‍ന്ന് ദമ്പതിമാര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ഗുരുതര അനാസ്ഥമൂലം കുഞ്ഞിന്റെ ജീവന് നഷ്ടപ്പെട്ടു എന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കിയ പോലീസുകാര്‍ രണ്ട് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു.
രാംഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ പുറത്തു വന്ന ശരീരഭാഗം പോലീസ് കണ്ടെടുത്തു.
Discussion about this post