അയോധ്യ: അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീനമായ സാഹചര്യങ്ങള്‍ തുറന്നു കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. അയോധ്യാ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ട് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തതാണ് അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്‍.
ഇതിനോടകം തന്നെ ഇന്ത്യയിലെ പുതിയ ആധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമായി അയോധ്യാ രാമക്ഷേത്രം മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. ഇതിനിടെ റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങളെ തുറന്നു കാണിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
@reality5473 എന്ന എക്‌സ് ഉപയോക്താവാണ് റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മൂന്ന് വീഡിയോകള്‍ പങ്കുവച്ചത്. ‘ശ്രീനഗറിലെ രാജ്ബാഗ് ഝലം നദീമുഖത്തേക്ക് സ്വാഗതം ‘ എന്ന് കുറിച്ച് കൊണ്ട് ജെംസ് ഓഫ് എഞ്ചിനീയറിംഗ് എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നും പങ്കുവച്ച ചില ചിത്രങ്ങള്‍ക്ക് താഴെ ‘സഹോദരാ ഈ വീഡിയോ പങ്കുവയ്ക്കൂ. പുതിയതായി പണിത രണ്ട് മാസം മുമ്പ് തുറന്ന് കൊടുത്ത അയോധ്യ സ്റ്റേഷന്റെ അവസ്ഥ.’ എന്ന് കുറിച്ച് കൊണ്ട് മൂന്ന് വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്, സ്റ്റേഷന്റെ പുറത്ത് നിന്നും ആരംഭിക്കുന്ന വീഡിയോ പതുക്കെ സ്റ്റേഷന്റെ അകത്തേക്ക് നീങ്ങുന്നു.
ഇതിനിടയില്‍ ഓരോ മൂലയിലും കൂട്ടിയിട്ട നിലയില്‍ മാലിന്യ നിക്ഷേപങ്ങള്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ വീഡിയോ റെയില്‍വേയ്ക്ക് ടാഗ് ചെയ്തു. പിന്നാലെയാണ് നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയത്. സ്റ്റേഷന്‍ വൃത്തിയാക്കാന്‍ കരാര്‍ എടുത്തയാളില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കിയതായി റെയില്‍വേ അറിയിച്ചു.
Discussion about this post