ന്യൂഡൽഹി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ അരവിന്ദ് കെജരിവാൾ ആണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)കോടതിയിൽ. കേസിൽ ഡൽഹിയിലെ റോസ് അവന്യൂ കോടതിയിലാണ് വാദം നടക്കുന്നത്. ഇഡിക്ക് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവും കെജരിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയും ഹാജരായി.
അറസ്റ്റ് രേഖപ്പെടുത്തിയ കെജരിവാളിനെ ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് ഇഡിയുടെ ആവശ്യം. അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് കെജരിവാളിനെതിരെയുള്ളത്. ഒന്ന് സിബിഐ കേസും മറ്റൊന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസും.
സൗത്ത് ഗ്രൂപ്പിന് അനുകൂലമായി മദ്യനയം രൂപീകരിക്കുന്നതിന് കെജരിവാൾ സൗത്ത് ഗ്രൂപ്പിനോട് കൈക്കൂലി ആവശ്യപ്പെട്ടെന്നും കോടികൾ കൈക്കൂലി വാങ്ങാനാണ് മദ്യനയം രൂപീകരിച്ചതെന്നും ഇഡി വാദിച്ചു. 100 കോടി രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. അതിന്റെ ഒരു ഭാഗം എഎപി ഗോവ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഇഡി കോടതിയിൽ പറഞ്ഞു.
മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി ഉദ്യോഗസ്ഥൻ വിജയ് നായരും ഉൾപ്പെടെയുള്ള സൗത്ത് ഗ്രൂപ്പിനും മറ്റ് പ്രതികൾക്കും ഇടയിലുള്ള ഇടനിലക്കാരനാണ് കെജരിവാളെന്ന് ഏജൻസി അവകാശപ്പെട്ടു.
ആരോപണം കെജരിവാൾ നിഷേധിച്ചു. അനധികൃതമായി പണം സമ്പാദിച്ചതിന് ഒരു തെളിവും ഇഡിക്ക് കണ്ടെടുക്കാനായിട്ടില്ലെന്ന് കെജരിവാൾ ചൂണ്ടിക്കാട്ടി. ഇഡിക്ക് കെജരിവാളിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും സിങ്‌വി കോടതിയെ അറിയിച്ചു. വസ്തുതകൾക്ക് അപ്പുറത്തുള്ള ചില കാര്യങ്ങൾ പറയാനുണ്ട്. പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് ചോദ്യം ചെയ്യാൻ അവകാശമുണ്ട്. എന്നാൽ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Discussion about this post