ബംഗളൂരു: കര്‍ണാടകത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ സഹായം തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ. മഹാരാഷ്ട്രയിലെ വര്‍ണ/കൊയ്ന ഡാമുകളിലെ ജലം കൃഷ്ണ നദിയിലേക്കും ഭീമ നദിയിലേക്കും തുറന്നുവിടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് സിദ്ധരാമയ്യ കത്തയച്ചു.
വടക്കന്‍ കര്‍ണാടകയിലെ ജലക്ഷാമം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാനാവുമെന്നാണ് സിദ്ധരാമയ്യയുടെ വാദം. രണ്ട് ടിഎംസി ജലം വര്‍ണ/കൊയ്ന ജലസംഭരണിയില്‍ നിന്ന് കൃഷ്ണ നദിയിലേക്കും, ഒരു ടി.എം.സി ജലം ഉജ്ജയിനി ജലസംഭരണിയില്‍ നിന്നും ഭീമ നദിയിലേക്ക് ഒഴുക്കണമെന്നുമാണ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വര്‍ഷം കര്‍ണാടകത്തിന്റെ കാലവര്‍ഷം വൈകുമെന്നതിനാല്‍ മഴ വരാന്‍ മാസങ്ങളാകുമെന്നും സിദ്ധരാമയ്യ കത്തില്‍ പറയുന്നു. കര്‍ണാകയില്‍ മുമ്പ് വരള്‍ച്ചയുണ്ടായപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്തേക്ക് വെള്ളം തുറന്നു വിട്ടിരുന്നു. കത്തിലൂടെ ഇതിന് സിദ്ധരാമയ്യ നന്ദിയും പറഞ്ഞിട്ടുമുണ്ട്. കാലവര്‍ഷം വൈകിയതോടെ ഉത്തരകര്‍ണാടകയിലെ പല ജില്ലകളെയും വരള്‍ച്ച ബാധിച്ചുകഴിഞ്ഞു. ജലസംഭരണികളിലെ വെള്ളം വറ്റിയതോടെ ജനത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കോ കൃഷിക്കോ ജലമില്ലെന്ന അവസ്ഥയാണ്. കാലവര്‍ഷം ഇനിയും വൈകുമെന്നതിനാല്‍ ഉത്തര കര്‍ണാടകയിലെ ജലക്ഷാമം ജനജീവിതത്തിന് വന്‍ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബംഗളൂരു നഗരത്തില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ജലസ്രോതസുകള്‍ വറ്റിയതോടെ പലയിടങ്ങളിലും ടാങ്കറിലെത്തുന്ന വെള്ളം മാത്രമാണ് ആശ്രയം. കുഴല്‍ക്കിണറുകള്‍ വറ്റുകയും ടാങ്കര്‍ ജലം എത്താത്തതും അമിത വില ഈടാക്കുന്നതും മലയാളികള്‍ ഉള്‍പ്പെടെയുള്ള നഗരവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
Discussion about this post