ഹൈദരാബാദ്: ആർപിഎഫ് എസ്‌ഐയായി ആൾമാറാട്ടം നടത്തി വന്ന യുവതി അറസ്റ്റിൽ. ഒരു വർഷത്തോളമായി നാട്ടുകാരെയടക്കം കബളിപ്പിക്കുകയായിരുന്ന തെലങ്കാന നർകേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് നൽഗോണ്ട റെയിൽവേ പോലീസിന്റെ പിടിയിലായത്.
സദാസമയവും എസ്‌ഐ യൂണിഫോമിൽ കാണപ്പെട്ടിരുന്ന യുവതി വിവാഹനിശ്ചയ ദിനത്തിലും യൂണിഫോം ധരിച്ചെത്തിയതോടെയാണ് സംശയം ഉയർന്നത്. പ്രതിശ്രുത വരന് തോന്നിയ സംശയം കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങുകയും യുവതി ആർപിഎഫ് ജീവനക്കാരിയല്ലെന്ന് തെളിയുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് തന്നെയാണ് യുവതിയെ പിടികൂടിയത്.
രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ മാളവിക 2018-ൽ ആർ.പി.എഫിലേക്കുള്ള എസ്‌ഐ റിക്രൂട്ട്മെന്റിൽ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കൽ ടെസ്റ്റിൽ ഇവർ പരാജയപ്പെട്ടു. ഇതിനുപിന്നാലെയാണ് എസ്‌ഐയായി തിരഞ്ഞെടുക്കപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ആളുകളെ കബളിപ്പിച്ച് തുടങ്ങിയത്.
സോഷ്യൽമീഡിയയിലും യൂണിഫോമിലെത്തി വീഡിയോകൾ പോസ്റ്റ് ചെയ്തതോടെ ഇവിടേയും ആരാധകർ വർധിച്ചു. നാട്ടിലും സോഷ്യൽമീഡിയയിലും എല്ലാം സൽപ്പേര് ലഭിച്ചതോടെ യുവതിക്ക് ഉണ്ടായ അമിതാത്മവിശ്വാസമാണ് ഒടുവിൽ സ്വന്തം കുഴി തോണ്ടിയത്.
മാളവിക ഇതിനിടെ നൽഗോണ്ടയിൽ ഒരു സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച വനിതാദിന പരിപാടിയിൽ മുഖ്യാതിഥിയായി എത്തി പ്രഭാഷണവും നടത്തിയിരുന്നു. അതേസമയം, മാർച്ച് ആദ്യവാരം നടന്ന ചടങ്ങിൽ കാക്കി ധരിച്ചെത്തിയ പ്രതിശ്രുത വധുവിനെ കണ്ട് പ്രതിശ്രുത വരന് സംശയം തോന്നുകയായിരുന്നു.
ഐടി ഉദ്യോഗസ്ഥനായ ഇയാൾ മാളവികയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും, ആർപിഎഫ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മാളവിക എസ്‌ഐ അല്ലെന്നും ഇവർക്ക് ഒരു ജോലിയും ഇല്ലെന്നും കണ്ടെത്തി. ഈ വിവരമറിഞ്ഞ പോലീസ് സംഘം യുവതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നാട്ടിൽ എസ്‌ഐയായി ആൾമാറാട്ടം നടത്തിയ മാളവിക ഇതിന്റെ പേരിൽ പല ആനുകൂല്യങ്ങളും സ്വന്തമാക്കിയിരുന്നു. ക്ഷേത്രങ്ങളിൽ ഉൾപ്പെടെ ഇവർക്ക് വിഐപി പരിഗണനാണ് യൂണിഫോം കാരണം ലഭിച്ചിരുന്നത്. ഇവർ ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നകാര്യം അന്വേഷിക്കുകയാണ് ഇപ്പോൾ പോലീസ്.