മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ സമൂഹവിവാഹത്തിനിടെ വരൻ എത്താത്തതിനെ തുടർന്ന് വധു സ്വന്തം സഹോദരനെ വിവാഹം ചെയ്തു. ബന്ധുക്കളുടെ പ്രേരണയെ തുടർന്നാണ് വിചിത്രമായ ഈ തീരുമാനം വധു കൈക്കൊണ്ടത്.
മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വിവാഹം സംഘടിപ്പിട്ടിരുന്നത്. വിവാഹാനുകൂല്യമായി ലഭിക്കുന്ന ധനസഹായം നഷ്ടപ്പെടുത്താതിരിക്കാനാണ് വധുവും സഹോദരനും ബന്ധുക്കളും ചേർന്ന് വിവാഹനാടകം നടത്തിയതെന്ന് പിന്നീട് പോലീസ് കണ്ടെത്തി.
മാർച്ച് അഞ്ചിന് മഹാരാജ്ഗഞ്ചിൽ വെച്ചായിരുന്നു സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നത്. വധുവായ പ്രീതി യാദവിനെ വിവാഹം ചെയ്യാനിരുന്നത് വരൻ രമേഷ് യാദവായിരുന്നു. എന്നാൽ വിവാഹസമയത്ത് കൃത്യസമയത്ത് വേദിയിലെത്താൻ കഴിയാതെ വന്നപ്പോൾ പ്രീതി അവളുടെ സഹോദരൻ കൃഷ്ണയെ വിവാഹം ചെയ്യുകയായിരുന്നു. ബന്ധുക്കളാണ് വിവാഹത്തിന് നിർബന്ധം കാണിച്ചത്.
്‌തേസമയം, വിവാഹശേഷം രേഖകൾ പരിശോധിച്ചപ്പോൾ ഇരുവരും സഹോദരങ്ങളാണെന്ന് മനസിലായതോടെ അന്വേഷണത്തിന് ഉത്തരവിടുകയും സഹോദരങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തു. കൂടാതെ, വിവാഹസമയത്ത് ചടങ്ങുകൾക്ക് മുൻപ് വധുവരൻമാരുടെ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ഒരു വില്ലേജ് ഡെവലപ്മെന്റ് ഓഫീസറെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ദമ്പതികൾക്ക് സമൂഹ വിവാഹ പദ്ധതി പ്രകാരം ലഭിക്കുക 51,000 രൂപയാണ്. 35,000 വധുവിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുകയും ദമ്പതികൾക്ക് സമ്മാനം വാങ്ങാനായി 10,000 രൂപയും ചടങ്ങുകൾ നടത്തുന്നതിന് വേണ്ടി 6,000 എന്നിങ്ങനെയാണ് കൊടുക്കുന്നത്. അതേസമയം, യുപിയിൽ ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം കൈക്കലാക്കാൻ വ്യാജവിവാഹങ്ങൾ പതിവാണെന്നും റിപ്പോർട്ടുകളുണ്ട്.
ജനുവരിയിൽ ബല്ലിയയിൽ മാത്രം കൃത്യമായ രേഖകളിലൂടെ അർഹതയില്ലാത്ത 240 പേരാണ് സർക്കാർ ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്തത്. അന്ന് നടന്ന അന്വേഷണത്തിൽ സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 15 പേർ അറസ്റ്റിലായിരുന്നു.