ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയിലെ സ്ഫോടനത്തിന് പിന്നാലെ തമിഴ്നാട്ടുകാർക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്തലജെ. തമിഴ്നാട്ടിലുള്ളവർ ബോബ് നിർമിക്കാൻ പരിശീലനം നേടി രാജ്യത്തുടനീളം സ്ഫോടനം നടത്തുകയാണെന്നായിരുന്നു ശോഭയുടെ പരാമർശം.
ഇത് വലിയ വിവാദമായതോടെ തമിഴ്നാട്ടുകാരെ എല്ലാവരേയും ഉദ്ദേശിച്ചിട്ടില്ലെന്നും സ്ഫോടനത്തിനു പിന്നിലുള്ളവരെ മാത്രമാണ് പരാമർശിച്ചതെന്നുമായിരുന്നു ശോഭയുടെ വിശദീകരണം. അതേസമയം, കേരളത്തിൽനിന്ന് എത്തിയവർ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്ന പരാമർശം പിൻവലിക്കാൻ അവർ തയാറായില്ല.
ശോഭ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തന്റെ പരാമർശം പിൻവലിച്ചത്. ‘തമിഴ് സഹോദരങ്ങളോട്, എന്റെ വാക്കുകൾ വെളിച്ചം വീശാനുള്ളതായിരുന്നു, നിഴൽ വീഴ്ത്താനല്ല എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നിട്ടും പരാമർശങ്ങൾ ചിലരെ വേദനിപ്പിച്ചതായി കാണുന്നു -അതിന് ഞാൻ ക്ഷമ ചോദിക്കുന്നു’ -ശോഭ കുറിച്ചു.
To my Tamil brothers & sisters,
I wish to clarify that my words were meant to shine light, not cast shadows. Yet I see that my remarks brought pain to some – and for that, I apologize. My remarks were solely directed towards those trained in the Krishnagiri forest,
1/2— Shobha Karandlaje (Modi Ka Parivar) (@ShobhaBJP) March 19, 2024
ശോഭയുടെ വിദ്വേഷ പരാമർശത്തെ തുടർന്ന് ഇവർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയതും സൂചിപ്പിച്ചായിരുന്നു മാധ്യമങ്ങളോട് ശോഭയുടെ വിവാദ പരാമർശം.
‘ഒരാൾ തമിഴ്നാട്ടിൽനിന്നു വന്ന് ഒരു കഫേയിൽ ബോംബ് വെച്ചു. ഡൽഹിയിൽനിന്നു മറ്റൊരാൾ വന്ന് നിയമസഭയിൽ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. കേരളത്തിൽനിന്നു മറ്റൊരാൾ വന്ന് കോളജ് വിദ്യാർഥികൾക്കു നേരെ ആസിഡ് ഒഴിച്ചു’ -എന്നാണ് ശോഭ പറഞ്ഞത്.
Discussion about this post