വഡോദര: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിലെ ബിജെപി എംഎല്‍എ രാജിവച്ചു. എംഎല്‍എ കേതന് ഇനാംധാര്‍ സ്പീക്കര്‍ക്ക് രാജി കത്ത് നല്കി. മനഃസാക്ഷിയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ആത്മാഭിമാനത്തെക്കാള്‍ വലുതല്ല മറ്റൊന്നും എന്നും അദ്ദേഹം രാജിയെക്കുറിച്ച് പ്രതികരിച്ചു.
എന്തെങ്കിലും സമ്മര്‍ദ്ദത്തിന്റെ പുറത്തല്ല തന്റെ രാജി. വഡോദരയിലെ ബിജെപി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ഭട്ടിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കേതന് ഇനാംധാര്‍ പറഞ്ഞു. വഡോദരയിലെ സാവ്ലി മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടയാളാണ് കേതന്. സ്പീക്കര്‍ക്ക് സമര്‍പ്പിച്ച രാജിക്കത്തിലും കേതന് പറഞ്ഞിരിക്കുന്നത് മനഃസാക്ഷി പറഞ്ഞതുകൊണ്ട് തീരുമാനമെടുത്തു എന്നാണ്. 2020 ജനുവരിയിലും എംഎല്‍എ സ്ഥാനം രാജിവെക്കുകയാണെന്ന് കേതന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അന്ന് രാജിക്കത്ത് സ്പീക്കര്‍ സ്വീകരിച്ചില്ല.
പാര്‍ട്ടിയിലെ താഴേക്കിടയിലെ പ്രവര്‍ത്തകരെ വേണ്ടുംവിധം പരിഗണിക്കുന്നില്ലെന്ന് കുറേക്കാലമായി എനിക്ക് തോന്നുന്നു. നേതൃത്വത്തോട് ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചതുമാണ്. 2020ല്‍ പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ആത്മാഭിമാനത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. ഇത് കേതന് ഇനാംധാറിന്റെ മാത്രം ശബ്ദമല്ല, ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ശബ്ദമാണ്. പ്രായമായ പാര്‍ട്ടി പ്രവര്‍ത്തകരെ മറക്കരുതെന്ന് ഞാന്‍ നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഞാന്‍ പ്രവര്‍ത്തിക്കും. പക്ഷേ, ഈ രാജി എന്റെ മനഃസാക്ഷിക്ക് അനുസരിച്ചുള്ളതാണ്. കേതന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2012ല്‍ വഡോദരയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് കേതന് വിജയിച്ചത്. പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നതും 2017ലും 2022ലും വിജയം ആവര്‍ത്തിച്ചതും. ഗുജറാത്ത് നിയമസഭയില്‍ ആകെയുള്ള 182ല്‍ 156 സീറ്റുകളാണ് ബിജെപിക്കുള്ളത്. മെയ് ഏഴിനാണ് ഗുജറാത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
Discussion about this post