സൊമാലിയൻ കടൽക്കൊള്ളക്കാർ മൂന്ന് മാസമായി തട്ടിക്കൊണ്ടുപോയി പിടിച്ചുവെച്ചിരുന്ന ഇന്ത്യൻ ചരക്കുകപ്പലിനെ 2600 കിലോമീറ്റർ ദൂരം താണ്ടി രക്ഷിച്ചെടുത്ത് ഇന്ത്യൻ നാവികസേന. സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിക്കുക മാത്രമല്ല, കപ്പലിലെ 17 ജീവനക്കാരേയും സുരക്ഷിതരായി രക്ഷപ്പെടുത്തുകയും 35 കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന പിടികൂടുകയും ചെയ്തിരിക്കുകയാണ്.
2023 ഡിസംബർ 14നാണ് എംവി റൂവൻ എന്ന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. യെമൻ ദ്വീപായ സൊകോത്രയിൽ നിന്ന് 380 നോട്ടിക്കൽ മൈൽ കിഴക്ക് വെച്ച് സൊമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഈ കപ്പലിനെ അന്നുമുതൽ ഇന്ത്യൻ നാവികസേന നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ശക്തമായ പദ്ധതി തയ്യാറാക്കി സോമാലിയൻ കടൽക്കൊള്ളക്കാർക്കെതിരായ ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു.
P-8I സമുദ്ര പട്രോളിംഗ് വിമാനം, ആളില്ലാ വിമാനങ്ങൾ, മുൻനിര യുദ്ധക്കപ്പലുകളായ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് സുഭദ്ര തുടങ്ങിയവയുടെ സഹായത്തോടെയാണ് നിരീക്ഷണം നടത്തിയിരുന്നത്.
ഇന്ത്യൻ നാവികസേന കപ്പലുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കടൽക്കൊള്ളക്കാർ വെടിയുതിർത്തതും കപ്പലിന്റെ ഡെക്കിൽ കറങ്ങിനടക്കുന്ന കൊള്ളക്കാർ ഇന്ത്യൻ നാവികസേനയുടെ കപ്പലിന് നേരെയും ലക്ഷ്യം വച്ച് ആക്രമണം നടത്തിയതുമാണ് ദൗത്യം വൈകാൻ കാരണമായത്.
ഒടുവിൽ വെള്ളിയാഴ്ച തന്ത്രം മാറ്റിയ നാവിക സേന, പി-8ഐ സമുദ്ര പട്രോളിംഗ് വിമാനം, മുൻനിര യുദ്ധക്കപ്പലുകളായ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് സുഭദ്ര എന്നിവയെ വിന്യസിച്ചും, ഡ്രോണുകളും ഉപയോഗിച്ചും കപ്പലിനെ നിരീക്ഷണ വലയത്തിൽ നിർത്തുകയും സി-17 വിമാനം വഴി നാവികസേന മാർക്കോസ് കമാൻഡോകൾ കപ്പലിലേക്ക് പറന്നിറങ്ങുകയുമായിരുന്നു.
ഇതോടെ മറ്റ് വഴിയില്ലാതെ കടൽക്കൊള്ളക്കാർ കീഴടങ്ങി. 40 മണിക്കൂർ നീണ്ട ഓപ്പറേഷന് ഐഎൻഎസ് കൊൽക്കത്തയാണ് നേതൃത്വം നൽകിയതെന്ന് നാവിക സേന പിന്നീട് അറിയിച്ചു. നാവികസേന രക്ഷപ്പെടുത്തിയ 17 കപ്പൽ ജീവനക്കാരിൽ മ്യാൻമർ, ബൾഗേറിയ, അംഗോള എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്.