‘വളരുന്തോറും കൗതുകങ്ങള്‍ അധികമായി, അറിവ് കുറവായിരുന്നു; യാത്രകള്‍ ആരംഭിച്ചത് 17-ാം വയസിലും’ നരേന്ദ്ര മോഡി വീണ്ടും ബാല്യകാല ഓര്‍മ്മകളില്‍

എന്തൊക്കേയോ ചെയ്യാനാകുമെന്ന് ഒരു തോന്നല്‍ മനസില്‍ ആയിരം വട്ടം ആവര്‍ത്തിച്ച് പറഞ്ഞുവെന്ന് മോഡി തുറന്ന് പറഞ്ഞു.

ന്യൂഡല്‍ഹി: വീണ്ടും ബാല്യത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് കണ്ണും മനസും ഓടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വളരുമ്പോള്‍ തനിക്ക് കൗതുകങ്ങള്‍ അധികമായിരുന്നെന്നും എന്നാല്‍ അറിവ് കുറവായിരുന്നെന്നും മോഡി പറയുന്നു. 17 ാം വയസിലാണ് യാത്രകള്‍ ആരംഭിച്ചത്. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനായിരുന്നു ആ യാത്രയെന്നും ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. പക്ഷേ എന്തൊക്കേയോ ചെയ്യാനാകുമെന്ന് ഒരു തോന്നല്‍ മനസില്‍ ആയിരം വട്ടം ആവര്‍ത്തിച്ച് പറഞ്ഞുവെന്ന് മോഡി തുറന്ന് പറഞ്ഞു.

വളരുമ്പോള്‍ എനിക്ക് കൗതുകങ്ങള്‍ അധികമായിരുന്നു, എന്നാല്‍ അറിവ് കുറവും. സൈനികോദ്യോഗസ്ഥരെ പണ്ടു കാണുമ്പോള്‍ ഇതു മാത്രമാണ് രാജ്യത്തെ സേവിക്കാനുള്ള മാര്‍ഗമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ റെയില്‍വെ സ്റ്റേഷനുകളില്‍ വെച്ച് കണ്ടുമുട്ടിയ സന്യാസുമാരും സിദ്ധന്‍മാരുമായി സംസാരിച്ചതോടെയാണ് ഈ ധാരണ മാറിയത്. ഈ ലോകത്തു കണ്ടെത്താന്‍ ഏറെയുണ്ടെന്ന് അപ്പോള്‍ ബോധ്യമായി- മോഡി വ്യക്തമാക്കി.

പുലര്‍ച്ചെ 3നും 3.45നും ഇടയില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് ഉണരുക. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. ജലപാതത്തിന്റെ നേര്‍ത്ത ശബ്ദത്തില്‍നിന്നു പോലും ശാന്തത, ധ്യാനം എന്നിവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു. എന്റെ ജീവിതത്തിലെ തീര്‍ച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു. പക്ഷേ ഒരുപാട് ഉത്തരങ്ങള്‍ അപ്പോള്‍ ലഭിച്ചു. ഏറെ ദൂരം സഞ്ചരിച്ചു. രാമകൃഷ്ണ മിഷന്റെ കൂടെ ഏറെക്കാലം പ്രവര്‍ത്തിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു യാത്ര ചെയ്തുകൊണ്ടേയിരുന്നുവെന്ന് മോഡി തുറന്ന് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീട്ടിലേയ്ക്ക് തിരികെ പോയതെന്ന് അദ്ദേഹം പറയുന്നു.

Exit mobile version