ന്യൂഡൽഹി: ഭാരത് അരി ഇനി രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യും. മൊബൈൽ വാനുകളിലായിരിക്കും അരി വിൽപനയും വിതരണവും. എല്ലാ ദിവസവും വൈകീട്ട് രണ്ടുമണിക്കൂർ വീതമായിരിക്കും വിൽപ്പന. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനാത്തിലായിരിക്കും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഭാരത് അരി വിതരണം നടക്കുകയെന്നാണ് റെയിൽവേ അറിയിപ്പ്.
റെയിൽവേ സ്റ്റേഷനുകളിൽ ഭാരത് അരി, ഭാരത് ആട്ട എന്നിവയാകും വിതണം ചെയ്യുക. അരി വിതരണത്തിനായുള്ള മൊബൈൽ വാനുകൾ എവിടെ പാർക്ക് ചെയ്യണമെന്ന കാര്യത്തിൽ അതത് ഡിവിഷണൽ ജനറൽ മാനേജരാകും തീരുമാനമെടുക്കുക.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ അരിവിതരണത്തിന് പ്രത്യേക ലൈസൻസോ തുകയോ ഈടാക്കില്ല. എന്നാൽ അരി വിതരണവുമായി ബന്ധപ്പെട്ട് അറിയിപ്പോ, വിഡിയോ പ്രദർശനവും ഉണ്ടാകില്ല. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള അരി വിതരണത്തിന് റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പൊതുവിതരണ വകുപ്പിന് അനുമതി നൽകിക്കഴിഞ്ഞു.
നേരത്തെ മുതൽ ഭാരത് അരി വിൽപ്പനയ്ക്ക് കൃത്യമായ ഇടമില്ലെന്ന പരാതി ഉർന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള അരിവിതരണത്തിന് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ഭാരത് ആട്ട 27.50 രൂപയ്ക്കുമാണ് വിൽക്കുന്നത്.