ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മദ്യനയ അഴിമതിക്കേസിൽ കുരുക്ക് മുറുക്കുക ലക്ഷ്യം വെച്ചാണ് ഒമ്പതാം തവണയും സമൻസ് അയച്ചിരിക്കുന്നത്. ഈ കേസിനൊപ്പം മറ്റൊരു കേസിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ അയച്ച നോട്ടീസിൽ ഡൽഹി മദ്യനയക്കേസിലും അഴിമതിക്കേസിലും ജൽ ബോർഡ് അഴിമതിക്കേസിലും ഹാജരാകാനാണ് നിർദേശം. മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21-നും ജൽ ബോർഡ് കേസിൽ മാർച്ച് 17-നും ഹാജരാകാനാണ് നിർദേശം.
2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് കെജ്രിവാളിനെതിരായ ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.
ഇതേ കേസുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയെ ഇഡി വെള്ളിയാഴ്ച അറസ്റ്റുചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ കവിതയെ ചോദ്യം ചെയ്യലിനായി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു.
അതേസമയം,ഇഡി ചോദ്യം ചെയ്യലിന് വേണ്ടി അയച്ച നോട്ടീസുകളുമായി ബന്ധപ്പെട്ട പരാതികളിൽ കഴിഞ്ഞ ദിവസം കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സമൻസ് ഇഡി അയച്ചിരിക്കുന്നത്. ഡൽഹി റോസ് അവന്യു കോടതി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് (എസിഎംഎം) ആണ് ശനിയാഴ്ച കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച വാദം നടക്കുമ്പോൾ കെജ്രിവാൾ കോടതിയിൽ ഹാജരായിരുന്നു.
കെജ്രിവാളിനെതിരെ ചുമത്തിയിട്ടുള്ള ഐപിസി സെക്ഷൻ 174 ജാമ്യം കിട്ടാവുന്ന വകുപ്പാണ് എന്ന് ചൂണ്ടിക്കാട്ടി എസിഎംഎം ദിവ്യ മൽഹോത്രയാണ് ജാമ്യം അനുവദിച്ചത്.