അമരാവതി: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ രാംഗോപാല്‍ വര്‍മ (ആര്‍ജിവി) രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ പിഠാപുരത്ത് നിന്നാണ് രാംഗോപാല്‍ വര്‍മ മത്സരിക്കുന്നത്.
പിഠാപുരത്ത് ടിഡിപി-ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി തെലുങ്ക് നടന്‍ പവന്‍ കല്യാണിനെ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകമാണ് രാംഗോപാലിന്റെ സര്‍പ്രൈസ്. എക്സിലൂടെയാണ് ആര്‍ജിവി അറിയിച്ചത്. പെട്ടെന്നുണ്ടായ തീരുമാനമാണെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു.
പിഠാപുരത്ത് മത്സരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പാര്‍ട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചൊന്നും ആര്‍ജിവി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാംഗോപാല്‍ വര്‍മയുടെ തെലുങ്ക് ചിത്രം ‘വ്യൂഹം’ ആന്ധ്രയില്‍ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള പ്രമേയമായിരുന്നു സിനിമയുടേത്. മാനസ രാധാകൃഷ്ണനും അജ്മല്‍ അമീറും സുരഭി പ്രഭാവതിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ റിലീസിനു പിന്നാലെ ആര്‍ജിവിക്കെതിരെ വിലക്കേര്‍പ്പെടുത്തണമെന്ന തരത്തില്‍ മുറവിളികളുയര്‍ന്നിരുന്നു.
ടിഡിപി നേതാക്കളായ ചന്ദ്രബാബു നായ്ഡു, നരാ ലോകേഷ്, നടനും ജനസേനാ പാര്‍ട്ടി(ജെഎസ്പി) തലവനുമായ പവന്‍ കല്യാണ്‍ എന്നിവരെല്ലാം സിനിമയ്ക്കും സംവിധായകനുമെതിരെ രംഗത്തെത്തിയിരുന്നു.
SUDDEN DECISION..Am HAPPY to inform that I am CONTESTING from PITHAPURAM 💪💐
— Ram Gopal Varma (@RGVzoomin) March 14, 2024