ന്യൂഡല്‍ഹി: കര്‍ഷകരുടെ ‘മഹാപഞ്ചായത്ത്’ ഇന്ന് ഡല്‍ഹിയില്‍ നടക്കും. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള ‘കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത്’ ഡല്‍ഹി രാംലീല മൈതാനിയിലാണ് നടക്കുക.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് മഹാപഞ്ചായത്ത്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ മഹാപഞ്ചായത്തില്‍ അണിചേരും.
വനിതാ, തൊഴിലാളി, യുവജന സംഘടനകളും ഭാഗമാകും. വിളകള്‍ക്കുള്ള മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരിക, എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ സമ്പൂര്‍ണമായി എഴുതിത്തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
മഹാപഞ്ചായത്തിന്റെ ഭാഗമാകാന്‍ ദേശീയ തലസ്ഥാനത്ത് പഞ്ചാബില്‍ നിന്നുള്ള 30,000-ത്തിലധികം കര്‍ഷകര്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 800-ലധികം ബസുകളിലും ട്രക്കുകളിലും ട്രെയിനുകളിലുമായി കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.