ഹരിയാന: ഹരിയാനയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി നായബ് സിങ് സൈനി. ശബ്ദ വോട്ടോടെയാണ് വിശ്വാസപ്രമേയം പാസാക്കിയത്. ജെജെപിയുടെ വിപ്പ് ലംഘിച്ച് അഞ്ച് എംഎല്‍എമാര്‍ പങ്കെടുത്തു. ബിജെപിജെജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ശേഷമാണ് നായബ് സിങ് സൈനി ഇന്നലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
90 അംഗ സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 41 അംഗങ്ങളുണ്ട്, കൂടാതെ ഏഴ് സ്വതന്ത്രരില്‍ ആറ് പേരുടെയും ഹരിയാന ലോക്ഹിത് പാര്‍ട്ടി എംഎല്‍എ ഗോപാല്‍ കാണ്ഡയുടെയും പിന്തുണയുണ്ട്. ജെജെപിയുടെ അഞ്ച് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന് ജെജെപി എംഎല്‍എമാര്‍ക്ക് വിപ് നല്‍കിയിരുന്നു. എന്നാല്‍, നാല് എംഎല്‍എമാര്‍ വിപ്പ് ലംഘിച്ച് സഭയിലെത്തി.
പ്രതിപക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് 30 അംഗങ്ങളും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന് (ഐഎന്‍എല്‍ഡി) ഒരു എംഎല്‍എയുമാണുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ഭിന്നതകള്‍ക്കിടെയാണ് ജെജെപിയും ബിജെപിയും തമ്മിലുള്ള സഖ്യം തകര്‍ന്നത്. പിന്നാലെ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും നയാബ് സൈനി ആ സ്ഥാനത്തേക്കെത്തുകയുമായിരുന്നു.
മനോഹര്‍ ലാല്‍ ഖട്ടറിന്റെ വിശ്വസ്തനാണ് നയാബ് സിങ് സൈനി. അദ്ദേഹത്തിന് ബിജെപിയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുണ്ട്. 1996ല്‍ ഹരിയാന ബിജെപിയുടെ സംഘടനാ ചുമതല പാര്‍ട്ടി നയാബ് സിങ് സൈനിയെ ഏല്‍പ്പിച്ചു. 2002ല്‍ അംബാല ബിജെപി യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായി. 2012ല്‍ നയാബ് സൈനിയെ അംബാല ജില്ലാ പ്രസിഡന്റായി നിയമിച്ചു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാരയ്ന്‍ഗഢില്‍ നിന്ന് നിയമസഭാ ടിക്കറ്റ് നല്‍കുകയും അദ്ദേഹം നിയമസഭയിലെത്തുകയും ചെയ്തതു. 2016 ല്‍ ഖട്ടര്‍ മന്ത്രിസഭയില്‍ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തില്‍ 3.85 ലക്ഷം വോട്ടിന് വന്‍ വിജയം കരസ്ഥമാക്കി നിയമസഭയില്‍ എത്തുകയും ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ എത്തുകയും ചെയ്തു.