ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ഇലക്ഷന് ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ സുപ്രീം കോടതി അനുവദിച്ച സമയ പരിധി അവസാനിക്കാനിരിക്കെയാണ് വിവരങ്ങള്‍ കൈമാറിയത്. ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ ഇന്ന് കൈമാറണം. വൈകിട്ട് 5.30ന് മുന്‍പ് വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.
ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി നിഷ്കര്‍ഷിച്ച സമയപരിധിക്കുള്ളില്‍ വിശദാംശങ്ങള്‍ നല്കുവാന് സാധിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
എസ്ബിഐ കൈമാറുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ച്ച് 15നകം പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം 2018 മുതല്‍ 2022 മാര്‍ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള്‍ വഴി ബിജെപിക്ക് ലഭിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു.
നേരത്തെ ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എസ്ബിഐ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എസ്ബിഐയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു വൈകീട്ട് വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
Discussion about this post