ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നയാബ് സൈനി. ബിജെപി നേതാക്കളായ കന്‍വാര്‍ പാല് ഗുജ്ജര്‍, മുല്‍ചന്ദ് ശര്‍മ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയില്‍ നിന്നുള്ള എംപിയുമാണ് നായബ് സിങ് സൈനി. സ്വതന്ത്ര എംഎല്‍എ രഞ്ജിത്ത് സിംഗും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ബിജെപിയും സഖ്യകക്ഷിയായ ജെജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. രാജിവച്ച മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ണാലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും.
മനോഹര്‍ ലാല്‍ ഖട്ടറിന്റെ വിശ്വസ്തനാണ് നയാബ്. ബിജെപിയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുണ്ട് സൈനിക്ക്. 1996-ല്‍ ഹരിയാന ബിജെപിയുടെ സംഘടനാ ചുമതല പാര്‍ട്ടി നയാബ് സിങ് സൈനിയെ ഏല്‍പ്പിച്ചു. 2002ല്‍ അംബാല ബിജെപി യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായി. 2012ല്‍ നയാബ് സൈനിയെ അംബാല ജില്ലാ പ്രസിഡന്റായി നിയമിച്ചു.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാരയ്ന്‍ഗഢില്‍ നിന്ന് നിയമസഭാ ടിക്കറ്റ് നല്‍കുകയും അദ്ദേഹം നിയമസഭയിലെത്തുകയും ചെയ്തതു. 2016 ല്‍ ഖട്ടര്‍ മന്ത്രിസഭയില്‍ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തില്‍ 3.85 ലക്ഷം വോട്ടിന് വന്‍ വിജയം കരസ്ഥമാക്കി നിയമസഭയില്‍ എത്തുകയും ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ എത്തുകയും ചെയ്തു.
Discussion about this post