തിരുപ്പതി: സർവകലാശാല പ്രൊഫസറെ ബന്ധുവായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിന് ദൃക്‌സാക്ഷിയായ അധ്യാപകന്റെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ അനന്തപുരിലാണ് അതിദാരുണമായ കൊലപാതകവും മരണവും നടന്നത്. ജെഎൻടിയു കാംപസിന് സമീപം താമസിക്കുന്ന എൽഐസി കോളനിയിലെ അപ്പാർട്ട്മെന്റിലെ മൂർത്തി റാവു ഗോഖലെ(59)യെയാണ് ബന്ധുവായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായ ആദിത്യ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. കൊലപാതകത്തിന് ദൃക്സാക്ഷിയായ മൂർത്തിയുടെ ഭാര്യ ശോഭ ഗോഖലെ(56) സംഭവത്തിന് പിന്നാലെ ഹൃദയാഘാതെ സംഭവിച്ച് മരണപ്പെട്ടു. അനന്തലക്ഷ്മി എൻജിനീയറിങ് കോളേജിലെ മുൻ പ്രിൻസിപ്പലും എസ്‌കെ സർവകലാശാലയിലെ ഗസ്റ്റ് ഫാക്കൽറ്റിയുമാണ് കൊല്ലപ്പെട്ട മൂർത്തി റാവു.
മൂർത്തിയുടെ സഹോദരപുത്രനാണ് കേസിൽ അറസ്റ്റിലായ ആദിത്യ. ഇയാൾ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയയാളാണ്. ഇതിനിടെ ആദിത്യ ഒരു പ്രമുഖ കമ്പനിയിൽ ജോലി ലഭിക്കാനായി മൂർത്തിക്ക് പണം നൽകിയിരുന്നു. എന്നാൽ, പണം വാങ്ങിയിട്ടും യുവാവിന് കമ്പനിയിൽ ജോലി ഉറപ്പാക്കാൻ മൂർത്തിക്ക് സാധിച്ചില്ല.
തുടർന്ന് യുവാവ് നിരന്തരം ഫോണിൽ വിളിച്ചെങ്കിലും മൂർത്തി പ്രതികരിച്ചില്ല. ഇതേത്തുടർന്നുണ്ടായ വൈരാഗ്യവും തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. ഞായറാഴ്ച രാത്രി മൂർത്തിയുടെ വീട്ടിലെത്തിയ പ്രതി ഇദ്ദേഹവുമായി ഏറെനേരം വഴക്കിട്ടിരുന്നു.
പിന്നാലെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് മൂർത്തിയെ ആക്രമിക്കുകയും ചെയ്തു.കഴുത്തറത്ത് മൂർത്തിയെ കൊലപ്പെടുത്തിയ പ്രതി, ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ മുറിവേൽപ്പിച്ചക്കുകയും ചെയ്‌തെന്നാണ് വിവരം. മൂർത്തിയെ. രക്ഷിക്കാൻ ശ്രമിച്ച ഭാര്യ ശോഭയെയും ഇയാൾ ആക്രമിച്ചിരുന്നു. മൂർത്തിയുടെ മരണത്തിന് പിന്നാലെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഇവർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.
Discussion about this post