ന്യൂഡല്‍ഹി: പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ജീവന്‍ രക്ഷിക്കാനായില്ല, ഡല്‍ഹിയില്‍ കുഴല്‍ കിണറില്‍ വീണ യുവാവ് മരിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ഡല്‍ഹി മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. കുഞ്ഞാണ് കുഴല്‍ കിണറില്‍ വീണതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
മരിച്ചത് 30 വയസ് പ്രായമുള്ള യുവാവ് ആണ്. ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡല്‍ഹിയില്‍ തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ 48 മണിക്കൂറിനുള്ളില്‍ സീല്‍ ചെയ്യാന്‍ അടിയന്തിര നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കുഴല്‍ കിണറില്‍ യുവാവ് വീണ സംഭവത്തില്‍ ദുരൂഹത ബാക്കിയാവുകയാണ്. മുറിയില്‍ പൂട്ടി സീല്‍ ചെയ്ത കുഴല്‍ കിണര്‍ തകര്‍ത്താണ് ആള്‍ അകത്തു കടന്നത് എന്നാണ് നേരത്തെ മന്ത്രി വ്യക്തമാക്കിയത്. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉള്‍പ്പെടെ മന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഒക്കെ പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണകാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു. മരിച്ചയാളുടെ മറ്റു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.
ഡല്‍ഹിയിലെ കേശോപുര്‍ മാണ്ഡിക്ക് സമീപമുള്ള ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ സ്ഥലത്തെ കുഴല്‍ കിണറിലാണ് യുവാവ് വീണത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത് സംബന്ധിച്ച് വികാസ്പുരി പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. സംഭവം നടന്ന ഉടനെ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സും ഡല്‍ഹി പോലീസുമാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തുകയായിരുന്നു.