ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് ഉരുവിടുന്ന ഭര്ത്താക്കന്മാര്ക്ക് അത്താഴം തരില്ലെന്ന് പറയണമെന്ന് ഡല്‍ഹിയിലെ സ്ത്രീകളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി ടൗണ്‍ഹാളില്‍ ‘മഹിളാ സമ്മാന്‍ സമാരോഹ്’ സംവാദ പരിപാടിയിലായിരുന്നു കെജരിവാളിന്റെ പരാമര്‍ശം.
ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് ആയിരം രൂപ പ്രതിമാസം നല്കുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.തന്നെയും ആംആദ്മി പാര്‍ട്ടിയെയും പിന്തുണയ്ക്കുമെന്ന് കുടുംബാംഗങ്ങളോട് സത്യം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും കെജ്രിവാള് സ്ത്രീകളോട് പറഞ്ഞു. ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് കെജ്രിവാള് മാത്രമേ നിങ്ങളോടൊപ്പം നില്‍ക്കൂവെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താന്‍ വൈദ്യുതിയും ബസ് യാത്രയും സൗജന്യമാക്കി, ഇപ്പോള്‍ സ്ത്രീകള്‍ക്ക് 1000 രൂപ മാസം തോറും നല്കുന്നു. ബിജെപി എന്താണ് ചെയ്തത്? പിന്നെ എന്തിനാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നതെന്നും കെജ്രിവാള് ചോദിച്ചു.
2024-25 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന’ പദ്ധതിയിലൂടെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ നല്കുന്നു. പദ്ധതി യഥാര്‍ത്ഥ ശാക്തീകരണം കൊണ്ടുവരുമെന്നും കെജ്രിവാള് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ തട്ടിപ്പാണ് ഇതുവരെ നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാര്‍ട്ടികള്‍ ഒരു സ്ത്രീക്ക് ചില പദവികള്‍ നല്‍കിയതിന് ശേഷം സ്ത്രീകള്‍ ശാക്തീകരിച്ചുവെന്ന് പറയുന്നു. സ്ത്രീകള്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കരുതെന്നല്ല പറയുന്നത്. അവര്‍ക്ക് വലിയ സ്ഥാനങ്ങള്‍ ലഭിക്കണം. പക്ഷേ, രണ്ടോ നാലോ സ്ത്രീകള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. ബാക്കി സ്ത്രീകള്‍ക്ക് എന്താണ് ലഭിക്കുന്നതെന്നും കെജ്രിവാള് ചോദിച്ചു.
ये वीडियो ज़रूर-ज़रूर देखें। सभी माताओं-बहनों से मेरी अपील… pic.twitter.com/hvBjjj9FAt
— Arvind Kejriwal (@ArvindKejriwal) March 9, 2024
Discussion about this post