ചെന്നൈ: സ്വന്തം രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ രൂപീകരണത്തിന് പിന്നാലെ ആദ്യത്തെ അംഗമായി ചേർന്ന് നടൻ വിജയ്. പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പദ്ധതി നടൻ വിജയ് ആരംഭിച്ചതിന് പിന്നാലെയാണ് താരം ആദ്യത്തെ അംഗത്വമെടുത്തത്.
പാർട്ടിയിലേക്ക് ഫോണിലൂടെയും വെബ്‌സൈറ്റിലൂടെയും അംഗത്വമെടുക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. അതേസമയം, ആദ്യ മണിക്കൂറിൽ 20 ലക്ഷത്തിൽപ്പരം ആളുകളാണ് അംഗത്വത്തിനായി വെബ്‌സൈറ്റ് സന്ദർശിച്ചത്. വനിതാദിനം പ്രമാണിച്ച് കഴിഞ്ഞദിവസം വിജയ് തന്റെ സോഷ്യൽ മീഡിയാ പേജുകളിൽ തമിഴക വെട്രി കഴകത്തിന്റെ പേരിലുള്ള ലെറ്റർപാഡുകളിൽ രണ്ട് അറിയിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു.
എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന അടിസ്ഥാന തത്വം പിന്തുടരണമെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നമുക്കൊരുമിച്ച് ചരിത്രം രചിക്കാമെന്നും ഇതിൽ പറയുന്നുണ്ട്. ആദ്യമണിക്കൂറിൽ തന്നെ 20 ലക്ഷത്തിൽപ്പരം ആളുകൾ അംഗത്വത്തിനായി വെബ്‌സൈറ്റിൽ കയറിയതോടെ സൈറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തു.
ഒടിപി നമ്പറിനായും ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തത്. ഒരു കോടി ആളുകളെ പാർട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലിൽ മധുരയിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും വിജയ് നേരത്തേ വ്യക്തമാക്കിയിരുന്നു.