ചെന്നൈ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ മത്സരിക്കില്ലെന്ന് സ്ഥിരീകരണം. അദ്ദേഹം ഡിഎംകെ സഖ്യത്തിന്റെ താരപ്രചാരകനായി രംഗത്തെത്തുമെന്നാണ് നിലവിലെ തീരുമാനം.
തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം ഡിഎംകെയുമായി സഖ്യത്തിൽ ഏർപ്പെടാനും തീരുമാനമായി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമുള്ള 40 സീറ്റുകളിൽ കമൽ ഡിഎംകെ സഖ്യത്തിന് വേണ്ടി താരപ്രചാരകനായി രംഗത്തിറങ്ങും.
കോയമ്പത്തൂരിലോ മധുരയിലോ കമൽഹാസൻ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സിപിഎം സീറ്റായ കോയമ്പത്തൂർ പാർട്ടി വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കമൽഹാസൻ മത്സരത്തിൽ നിന്നും പിന്മാറിയിരിക്കുന്നത്.
അതേസമയം, ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് കമൽ ഹാസന്റെ പാർട്ടി ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മാറുന്നത്. 2025 ൽ തമിഴ്‌നാട്ടിൽ നിന്ന് ഒഴിവുവരുന്ന രാജ്യസഭ സീറ്റിൽ കമലിനെ മത്സരിപ്പിക്കാനാണ് ധാരണയെന്നാണ് സൂചന. 2018ലാണ് മക്കൾ നീതി മയ്യം പാർട്ടി രൂപീകരിച്ച് കമൽഹാസൻ രാഷ്ട്രീയത്തിലിറങ്ങിയത്.