ന്യൂഡൽഹി: ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പിൽ താരമായി മാറിയ ബൗളർ മുഹമ്മദ് ഷമിയെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുന്നെന്ന് സൂചന. ഷമിയെ ബംഗാളിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. താരത്തെ ഇതിനായി ബിജെപി നേതൃത്വം ഷമിയെ സമീപിച്ചതായും ചർച്ചകൾ പോസിറ്റീവാണെന്നുമാണ്അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.
പശ്ചിമ ബംഗാളിൽ ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കാൻ ഷമിയെ രംഗത്തിറക്കാനാണ് പാർട്ടി ആലോചന. ഇക്കാര്യത്തിൽ ഷമി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
പരിക്കിനെ തുടർന്ന് അടുത്തിടെ യുകെയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിശ്രമത്തിലാണ് താരം. താരം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി മോഡി അന്ന് ആശംസിച്ചിരുന്നു. രഞ്ജി ട്രോഫിയിൽ ബംഗാളിനെ പ്രതിനിധീകരിക്കുന്ന ഷമി ഇപ്പോഴും ആഭ്യന്തര മത്സരങ്ങൾ കളിക്കുന്നുണ്ട്. ഏകദിന ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10.70 ശരാശരിയിലും 12.20 സ്ട്രൈക്ക് റേറ്റിലും 24 വിക്കറ്റ് വീഴ്ത്തി വൻതിരിച്ചുവരവാണ് ഷമി നടത്തിയത്.