ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ നൂറുരൂപ കുറവു വരുത്തി കേന്ദ്രസർക്കാർ. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാൻ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നുമാണ് പ്രധാനമന്ത്രിയുടെ വാദം. വനിതാ ദിനത്തിലാണ് കേന്ദ്രത്തിന്റെ ഈ നടപടി.
പാചകവാതകത്തെ താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വനിതാശാക്തീകരണവും സ്ത്രീകളുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും മോഡി വിശദീകരിച്ചു.
അതേസമയം, 100 രൂപ കുറയുന്നതോടെ നിലവിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയിൽ നിന്ന് 810 ആയിമാറും. ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകൾക്കുള്ള സബ്സിഡി ഒരുവർഷത്തേക്ക് നീട്ടാൻ കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച തീരുമാനിക്കുകയും ചെയ്തിരുന്നു.
Today, on Women's Day, our Government has decided to reduce LPG cylinder prices by Rs. 100. This will significantly ease the financial burden on millions of households across the country, especially benefiting our Nari Shakti.
By making cooking gas more affordable, we also aim…
— Narendra Modi (@narendramodi) March 8, 2024
14.2 കിലോഗ്രാം എൽപിജി സിലിണ്ടറിനുള്ള 300 രൂപ സബ്സിഡിയാണ് 2025 മാർച്ച് വരെ നീട്ടാൻ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് പാവപ്പെട്ടവർക്കായുള്ള ഉജ്ജ്വല യോജന പ്രകാരമുള്ള സിലിണ്ടറുകളുടെ സബ്സിഡി 300 രൂപയാക്കിയത്.
Discussion about this post