ബംഗളൂരു: പെൺസുഹൃത്തിന്റെ വീട്ടിൽ പിറന്നാളാഘോഷിക്കാൻ എത്തിയ 20കാരനെ പെൺകുട്ടിയെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. കലബുറഗി ടൗൺ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
നഴ്‌സിങ് വിദ്യാർത്ഥിയായിരുന്നു അഭിഷേക്. ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയതിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ചോദ്യം ചെയ്യുകയും ഇരുമ്പുവടികൊണ്ട് അടിക്കുകയുമായിരുന്നു.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യത്യസ്ത ജാതിയിൽപെട്ടവരാണ് ഇരുവരും എന്നതിനാൽ അഭിഷേകിന്റെയും പെൺകുട്ടിയുടെയും ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, ഇരുവരും സൗഹൃദം തുടരുകയായിരുന്നു. പെൺകുട്ടി ക്ഷണിച്ചതിനെത്തുടർന്നാണ് പിറന്നാൾ ആഘോഷത്തിന് അഭിഷേക് എത്തിയതെന്നാണ് വിവരം.