ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി ഇന്ത്യയിലെത്തി: സീമ ഹൈദറും സച്ചിനും മൂന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; നോട്ടീസയച്ച് ആദ്യ ഭര്‍ത്താവ്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാന്‍ പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തിയ യുവതിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യ ഭര്‍ത്താവ്. പാക് യുവതി സീമ ഹൈദ(27)റും ഇവരുടെ ഇപ്പോഴത്തെ ഭര്‍ത്താവായ യുപി സ്വദേശി സച്ചിന്‍ മീണ (22) യും മൂന്ന് കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ആദ്യ ഭര്‍ത്താവായ ഗുലാം ഹൈദര്‍ ആയച്ച നോട്ടീസില്‍ പറയുന്നത്. ഒരുമാസത്തിനകം നഷ്ടപരിഹാര തുക നല്‍കാന്‍ സീമയോടും സച്ചിനോടും ഹൈദറിന്റെ അഭിഭാഷകനായ അലി മോമിന്‍ ആവശ്യപ്പെട്ടു.

കുട്ടികളെ തിരികെ പാകിസ്താനില്‍ എത്തിക്കാന്‍ ഇന്ത്യന്‍ അഭിഭാഷകനെ അദ്ദേഹം നിയമിച്ചിട്ടുണ്ട്. പാകിസ്താനിലെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ അന്‍സാര്‍ ബര്‍ണി ഹൈദറിനെ നേരത്തെ സമീപിച്ചിരുന്നതായി വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ നിയമനടപടികള്‍ ആരംഭിക്കാനായി മോമിനെ ചുമതലപ്പെടുത്തിയതായും അന്‍സാര്‍ ബര്‍ണി പിടിഐയോട് പറഞ്ഞിരുന്നു. സീമയോട് മടങ്ങിയെത്താന്‍ ഗുലാം ഹൈദര്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഒരു പാകിസ്താനി യുട്യൂബര്‍ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സീമ ഹൈദറിനോട് ആദ്യഭര്‍ത്താവ് തിരികെ എത്തണമെന്ന് അപേക്ഷിച്ചത്.

2020ലാണ് പബ്ജി വഴി സീമയും സച്ചിനും പരിചയത്തിലായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫോണ്‍നമ്പര്‍ കൈമാറി വാട്സാപ്പില്‍ ബന്ധമാരംഭിച്ചു. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ യുവതി 15 ദിവസത്തെ സന്ദര്‍ശക വിസയിലാണ് പാകിസ്താനില്‍ നിന്ന് പോന്നത്. മാര്‍ച്ചില്‍ ഇരുവരും നേപ്പാളിലെ കാഠ്മണ്ഡുവില്‍ കണ്ടുമുട്ടുകയും ഹോട്ടലില്‍ തങ്ങുകയും ചെയ്തിരുന്നു. പിന്നീട് മേയില്‍ മക്കള്‍ക്കൊപ്പം സീമ വീണ്ടും നേപ്പാളിലെത്തി. തുടര്‍ന്ന് ഇന്ത്യയിലേക്കും കടന്നു.

പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തില്‍ നിന്ന് ദുബായ് വഴിയാണ് കാഠ്മണ്ഡുവിലെത്തിയത്. അവിടെനിന്ന് പൊഖാര വഴി ബസില്‍ ഇന്ത്യന്‍ അതിര്‍ത്തികടന്നു. ഗ്രേറ്റര്‍ നോയിഡയില്‍ സച്ചിന്‍ വാടകയ്‌ക്കെടുത്തിരുന്ന വീട്ടില്‍ തുടര്‍ന്ന് ഇവര്‍ ഒന്നിച്ച് താമസമാരംഭിക്കുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇവര്‍ നിയമസഹായം തേടിയപ്പോള്‍, യുവതി അനധികൃതമായി അതിര്‍ത്തികടന്നതാണെന്ന് സംശയം തോന്നിയ അഭിഭാഷകന്‍ പോലീസിനെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യക്കാരിയായ ഇവര്‍ ജൂലായ് നാലിനാണ് പോലീസിന്റെ പിടിയിലായത്.

Exit mobile version