ന്യൂഡല്‍ഹി: എഡ്യുടെക് സ്ഥാപനമായ ബൈജൂസ് കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ലെന്ന് ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. നിക്ഷേപകരില്‍ ചിലരുടെ ബുദ്ധി ശൂന്യമായ നിലപാടാണ് ശമ്പളം നല്‍കാനായി സ്വരൂപിച്ച പണം പോലും ചെലവഴിക്കാനാകാത്തതെന്ന് ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
അവകാശ ഓഹരി വില്‍പന വഴി സമാഹരിച്ച തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടതാണ് തിരിച്ചടിയായതെന്നും വിശദീകരിക്കുന്നു. ശമ്പളം അതിവേഗം വിതരണം ചെയ്യാന്‍ മറ്റുമാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്നും ബൈജു വിശദീകരിച്ചു.
എന്നാല്‍ അമേരിക്കന്‍ ഹെഡ്ജ് ഫണ്ടില്‍ കമ്പനി നിക്ഷേപിച്ച 533 മില്യണ്‍ ഡോളര്‍ എവിടെയാണെന്ന് നിക്ഷേപകര്‍ ചോദിക്കുന്നു. അതില്‍ നിന്ന് സാലറി നല്‍കിക്കൂടെയെന്നും അവര്‍ ഉന്നയിക്കുന്നു.എന്നാല്‍ ഇതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ കമ്പനിക്കായിട്ടില്ല. ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതും മൂല്യമേറിയതുമായ സ്റ്റാര്‍ട്ട് അപ്പുകളിലൊന്നായ ബൈജൂസ് കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ആഴ്ചകള്‍ക്ക് മുമ്പാണ് ബൈജൂസിന്റെ സിഇഒ സ്ഥാനത്തുനിന്നു ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകള്‍ വോട്ട് ചെയ്തത്. സ്ഥാപനം കൊണ്ടുനടക്കാന്‍ ശേഷിയില്ലാത്തയാളാണ് ബൈജുവെന്ന് ആരോപിച്ചാണ് കമ്പനിയില്‍ ഓഹരിയുള്ള നാലുപേര്‍ ബെംഗളൂരുവിലെ നാഷനല്‍ കമ്പനി ലോ ട്രിബ്യൂണലിനെ(എന്‍.സി.എല്‍.ടി) സമീപിച്ചിരിക്കുന്നത്. 44കാരനായ മലയാളി വ്യവസായിയെയും കുടുംബത്തെയും കമ്പനിയുടെ പ്രധാന സ്ഥാനങ്ങളില്‍നിന്നും ഡയരക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കണമെന്നാണ് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.