ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കായി സംഭാവന നല്കാന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ട്ടിയ്ക്കായി രണ്ടായിരം രൂപ സംഭാവന നല്കിയ രസിത് ഉള്‍പ്പടെ എക്സില്‍ പോസ്റ്റ് ചെയ്താണ് അഭ്യര്‍ഥന നടത്തിയത്.
‘വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന് ശക്തിപകരാന്‍ ബിജെപിക്ക് സംഭാവന നല്‍കിയതില്‍ എനിക്കേറെ സന്തോഷം. നമോ ആപ്പ് വഴി ദേശനിര്‍മിതിക്കായി സംഭാവന നല്കാന് ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു’ രസീതിക്കൊപ്പം മോഡി എക്സില്‍ കുറിച്ചു.
ഇലക്ട്രല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ മാസം സുപ്രിംകോടതി വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതായിരുന്നു വിധി. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് ബിജെപി ഫണ്ട് തേടുന്നത്.
ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ പണം ലഭിച്ച രാഷ്ട്രീയപ്പാര്‍ട്ടി ഭരണകക്ഷിയായ ബിജെപിയായിരുന്നു. 2017 മുതല്‍ 2023 വരെ 6566.12 കോടി രൂപയാണ് ബോണ്ടുകള്‍ വഴി ബിജെപിക്ക് ലഭിച്ചത്. ബോണ്ട് അവതരിപ്പിച്ച 2017-18 വര്‍ഷത്തില്‍ 210 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്. ആ വര്‍ഷം കോണ്‍ഗ്രസിനും (അഞ്ചു കോടി) ജെഡിഎസിനും (6.3 കോടി) മാത്രമാണ് ബിജെപിക്ക് പുറമേ ബോണ്ട് ഫണ്ട് ലഭിച്ചത്. ആ വര്‍ഷം വന്ന 221.03 കോടിയില്‍ 210 കോടി രൂപയും ബിജെപി അക്കൗണ്ടിലേക്കായിരുന്നു എന്നതാണ് ശ്രദ്ധേയം.
195 സ്ഥാനാര്‍ത്ഥികളുമായി ബിജെപിയുടെ ആദ്യ പട്ടിക ഇന്നലെ പുറത്തുവന്നിരുന്നു. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പല നേതാക്കളും അസംതൃപ്തരാണ്. അടുത്ത ഘട്ട പട്ടികയില്‍ ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മീനാക്ഷി ലേഖി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍. ശേഷിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ നിര്‍ണായക യോഗങ്ങളും ബിജെപിയില്‍ ആരംഭിച്ചു. 34 കേന്ദ്രമന്ത്രിമാരെ മത്സര രംഗത്ത് ഇറക്കുന്ന ബിജെപി, മീനാക്ഷി ലേഖി ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ചും എന്‍ഡിഎക്ക് ഉള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഈ മാസം 10ന് ഉള്ളില്‍ 50% സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കാനാണ് ബിജെപി ശ്രമം.
ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ നിരവധി ബി.ജെ.പി നേതാക്കള്‍ തഴയപ്പെട്ടിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ ആരോപണത്തിന് വിധേയനായ ബ്രിജ്ഭൂഷണ് ഉള്‍പ്പെടെയുള്ളവരുടെ സീറ്റുകള്‍ സംബന്ധിച്ച് ബി.ജെ.പി ഒരു വ്യക്തത നല്‍കിയിട്ടില്ല. പട്ടികയിലെ കുറയുന്ന മുസ്ലിം പ്രാതിനിധ്യവും ചര്‍ച്ചയായിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലെ 28 പേര് സ്ത്രീകളും 47 പേര് യുവാക്കളുമാണ്. പട്ടികയിലെ 51 പേര് ഉത്തര്‍പ്രദേശില്‍ നിന്നും 20 പേര് പശ്ചിമബംഗാളില്‍ നിന്നും ഉള്ളവരാണ്. മധ്യപ്രദേശിലെ 24 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post